സെപ്റ്റിക് ടാങ്കിൽവീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
Saturday 06 December 2025 1:46 AM IST
തലശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മൂടിയില്ലാത്ത സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മർവാൻ ആണ് മരിച്ചത്.
ടാങ്കിൽ തേപ്പ് കഴിച്ചതിനുശേഷം ചോർച്ച പരിശോധിക്കാൻ വേണ്ടി വെള്ളം നിറച്ചിരുന്നു.
വൈകിട്ട് അങ്കണവാടി വിട്ട് വീട്ടിലെത്തി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു.
കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽ വീട്ടുകാരും അന്വേഷിച്ചപ്പോഴാണ് കുടുംബ വീടിനോട് സമീപം നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായി കുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കതിരൂർ പൊലീസ് എത്തി. മാതാവ്: ഫാത്തിമ.