ശബരിമലയിൽ ഭക്തരുടെ വൻതിരക്ക്; ഇന്നലെ നട അടച്ചത് ഏറെ വൈകി, സന്നിധാനത്തും പമ്പയിലും കർശന സുരക്ഷ

Saturday 06 December 2025 10:03 AM IST

പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ വൻതിരക്ക് കാരണം കഴിഞ്ഞ ദിവസം നട അടച്ചത് ഏറെ വൈകി. പതിനെട്ടാംപടി കയറാനും ദർശനത്തിനും കിലോമീറ്ററോളം ഭക്തരുടെ നീണ്ട നിരയുണ്ടായിരുന്നു. അതിനാൽ ഇന്നലെ രാത്രി 11.25നാണ് ഹരിവരാസനം ചൊല്ലി നട അടച്ചത്. ഈ സമയം വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് ശരംകുത്തിക്ക് താഴെ വരെ പതിനെട്ടാംപടി കയറാനുള്ള നീണ്ടനിര ഉണ്ടായിരുന്നു. നട അടച്ച ശേഷം ആരെയും പടി കയറാൻ അനുവദിച്ചില്ല.

ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നട തുറന്ന ശേഷമാണ് വീണ്ടും ഭക്തരെ കടത്തിവിട്ടത്. എല്ലായിടത്തും പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. നെയ്യഭിഷേകത്തിനും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകർക്ക് അഭിഷേകത്തിനുള്ള നെയ്യ് ശ്രീകോവിലിൽ നേരിട്ട് നൽകാൻ കഴിയില്ല. മാളികപ്പുറത്തുനിന്നുള്ള ക്യൂവിലൂടെ തിരുമുറ്റത്തെ അഷ്ടാഭിഷേക കൗണ്ടറിൽ എത്തി നെയ്യും ടിക്കറ്റും നൽകുമ്പോൾ നേരത്തെ അഭിഷേകം ചെയ്ത് ശേഖരിച്ചിട്ടുള്ള നെയ്യിൽ കുറച്ച് അവിടെ നിന്നു പ്രസാദമായി കൊടുക്കുകയാണ്.

സന്നിധാനത്തും പമ്പയിലും പൊലീസ് കർശന സുരക്ഷ ഒരുക്കിയിരിക്കുകയാണ്. മുൻ വർഷങ്ങളിൽ കാണാത്ത കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ ദർശനത്തിനായി പതിനെട്ടാംപടിയിലൂടെ മാത്രമാണ് തീർത്ഥാടകരെ കടത്തിവിട്ടത്. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ട്രാക്ടർ ഗതാഗതവും തടഞ്ഞു. ദേവസ്വം മെസിലേക്കുള്ള പാൽ കയറ്റിയ ട്രാക്ടർ പോലും കടത്തിവിട്ടില്ല.