രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം: അറസ്റ്റ് തടഞ്ഞ് ഹൈക്കോട‌തി, രണ്ടാമത്തെ കേസിലും മുൻകൂർജാമ്യഹർജി നൽകി

Saturday 06 December 2025 10:31 AM IST

കൊച്ചി: ബലാത്സംഗകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് ത‌ടഞ്ഞ് ഹൈക്കോടതി. തൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. ഹർജി ഈ മാസം പതിനഞ്ചിനാണ് വീണ്ടും പരിഗണിക്കുക. അതുവരെയാണ് ജസ്റ്റിസ് കെ ബാബു അറസ്റ്റ് തടഞ്ഞത്. ഗുരുതര സ്വഭാവമുള്ള കാര്യങ്ങൾ ഹർജിയിലുണ്ടെന്നും അതിനാൽ വിശദവാദം കേൾക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

മുപ്പത്തിരണ്ടാമതായിട്ടാണ് കേസ് ലിസ്റ്റുചെയ്തിരുന്നതെങ്കിലും കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്​റ്റിസ് കെ ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ രജിസ്​റ്റർ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്​റ്റ് തടഞ്ഞിരിക്കുന്നത്. കേരളത്തിന് പുറത്തുതാമസിക്കുന്ന മ​റ്റൊരു യുവതികൂടി രാഹുലിനെതിരെ പരാതി നൽകിയിരുന്നു. ഇതിൽ എഫ്‌ഐആർ രജിസ്​റ്റർ ചെയ്തിട്ടുമുണ്ട്. അതിനാൽ ഈ കേസിൽ വേണമെങ്കിൽ പൊലീസിന് രാഹുലിനെ അറസ്റ്റുചെയ്യാം. എന്നാൽ ഈ കേസിലും രാഹുൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി അറസ്റ്റുതടഞ്ഞ ഉടനാണ് രണ്ടാമത്തെ കേസിലെ ഹർജി നൽകിയത്. ഹർജി ഇന്നുതന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇന്നുതന്നെ കോടതി പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഇന്നലെയാണ് രാഹുൽ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്.തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റുചെയ്താൽ ജാമ്യത്തിൽ വിടണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

മാദ്ധ്യമ പ്രവർത്തകയുമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വന്നതോടെയാണ് അകന്നത്. സ്വകാര്യതയെ ബാധിക്കുന്ന വോയ്‌സ് ക്ലിപ്പുകൾ പുറത്തുവിട്ടത് താനാണെന്ന് പരാതിക്കാരി സംശയിച്ചു. ആരാണ് ഇത് പുറത്തുവിട്ടതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഹർജിയിൽ പറയുന്നു.

ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് അവധിയെടുത്തിരുന്ന പരാതിക്കാരി തിരികെ പ്രവേശിക്കാൻ എത്തിയപ്പോൾ താനുമായി അടുപ്പത്തിലാണെന്ന് എഴുതി നൽകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്.പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയാമായിരുന്നു. അതിനാൽ വോയ്‌സ് ക്ലിപ്പുകൾ ചോർന്നതിൽ പരാതി ഇപ്പോൾ ഉന്നയിക്കേണ്ടെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ താൻ രാഷ്ട്രീയപ്രവർത്തകനായതിനാൽ മാദ്ധ്യമങ്ങൾ വ്യാപകപ്രചാരണം നൽകി. എതിർപക്ഷത്തുള്ളവർ നിലവിലെ രാഷ്ട്രീയസാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്.

പരസ്പരം നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങൾ തന്റെ പക്കലുണ്ട്. എന്നാൽ പൊലീസ് പിന്നാലെയുള്ളതിനാൽ ഇത് ഹാജരാക്കാനാകുന്നില്ല.രാഷ്ട്രീയപ്രേരിത അന്വേഷണമാണ് നടക്കുന്നത്. ഏറെ വൈകിയ പരാതി മുഖ്യമന്ത്രിക്ക് നേരിട്ടാണ് നൽകിയത്. ഇതുവരെ എഫ്.ഐ.ആറിന്റെയോ മൊഴിയുടെയോ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ല. വൈകിയുള്ള പരാതികളിൽ നിജഃസ്ഥിതി അറിയാൻ പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ നേരിട്ട് അന്വേഷണത്തിലേക്ക് കടന്നെന്നും രാഹുൽ ഹർജിയിൽ പറയുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ അവസരം ലഭിച്ചാൽ ഓരോകാര്യങ്ങളും വിശദീകരിക്കാൻ തയ്യാറാണ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ പിന്നീട് വിള്ളലുണ്ടായതിന്റെ പേരിൽ മാനഭംഗം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കി എന്നത് അന്വേഷണ ഏജൻസിയുടെ ദുർവ്യാഖ്യാനമാണ്. ഇത് സ്ഥാപിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ട്. അതിനാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതില്ലെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.