'രാഹുലിന് രക്ഷാവലയം ഒരുക്കിയത് കോൺഗ്രസുകാർ,​ അറസ്റ്റ് തടഞ്ഞത് കോടതിയുടെ ഒരു നടപടി മാത്രം'

Saturday 06 December 2025 11:46 AM IST

തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയുടെ നടപടിക്രമം മാത്രമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒളിവിൽപ്പോയ രാഹുലിനെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലയെന്ന് പറയുന്നത് ശരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്​റ്റ് ചെയ്യുന്നതിന് അതൊരു തടസമല്ല. പക്ഷേ കേരളത്തിൽ കണ്ടുവരുന്ന രീതി അതിന്റെ തീരുമാനം വരുന്നതുവരെ കാത്തുനിൽക്കലാണ്. ഇപ്പോൾ ഹൈക്കോടതിയുടെ മുൻപിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരിക്കുകയാണ്. അത് ഹൈക്കോടതി സ്വീകരിച്ച് ഒരു തീയതിയിലേക്ക് കേസ് കേൾക്കുന്നതിനായി വച്ചിരിക്കുകയാണ്. സാധാരണ ഇതാണ് നാട്ടിൽ കണ്ടുവരുന്ന രീതി. പക്ഷെ ഇവിടെ കോടതി പ്രത്യേകമായി അറസ്​റ്റ് നടത്തരുതെന്ന് പറഞ്ഞിരിക്കുകയാണ്. അത് കോടതി നടപടിയുടെ ഭാഗമാണ്.

പൊലീസിന് രാഹുലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ലയെന്നത് ശരിയാണ്. പക്ഷെ പൊലീസ് അറിഞ്ഞുകൊണ്ട് അദ്ദേഹത്തെ അറസ്​റ്റ് ചെയ്യാത്തതാണെന്ന് പറയുന്നത് ശരിയായ കാര്യമല്ല. അദ്ദേഹത്തിന് ഒളിവിൽപോകാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തത് സഹപ്രവർത്തകരാണല്ലോ. അവർ കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കളുമാണ്. അത് വിവിധ തലത്തിലുള്ളവരാണ്. അതുകൊണ്ടാണ് സംസ്ഥാനത്തിന് പുറത്തടക്കം വലിയ തരത്തിലുള്ള സംരക്ഷണം ഒരുക്കിയത്. അവർക്കാണ് രാഹുൽ എവിടെയാണെന്ന് അറിയുന്നത്. രാഹുലിന് രക്ഷപ്പെടാനുള്ള രക്ഷാവലയം കോൺഗ്രസാണ് ഒരുക്കിയത്. അയാൾക്ക് പിന്നിൽ ഇപ്പോഴും നേതൃത്വമുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.