'രാഹുലിനെ തൊട്ടാൽ കൊന്നുകളയും'; നടി റിനി ആൻ ജോർജിന്റെ വീട്ടിലെത്തി വധഭീഷണി, ഗേറ്റ് തകർക്കാനും ശ്രമം
കൊച്ചി: യുവനടി റിനി ആൻ ജോർജിന് വധഭീഷണി. ഇന്നലെ രാത്രി രണ്ടുപേർ വീടിന് മുന്നിലെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതായി റിനി പറഞ്ഞു. വീടിന്റെ ഗേറ്റ് തകക്കാൻ ശ്രമമുണ്ടായെന്നും റിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
രാത്രി ഒമ്പതരയോടെയാണ് റിനിയുടെ പറവൂരിലുള്ള വീടിന് മുന്നിൽ ഒരാൾ സ്കൂട്ടറിലെത്തിയത്. ഇയാൾ ഗേറ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. പിന്നീട് രാത്രി പത്ത് മണിയോടെ ബൈക്കിൽ മറ്റൊരാളെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണി മുഴക്കി. വീട്ടുകാർ വീണ്ടും പുറത്തിറങ്ങിയതോടെ ഇയാളും രക്ഷപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശം അയച്ചിരുന്നുവെന്നും റിനി നേരത്തേ വ്യക്തിമാക്കിയിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ പരാതിക്കാരിയായ യുവതി വെളിപ്പെടുത്തലുകൾ നടത്തിയതും പരാതി നൽകിയതും.