രാത്രിയിൽ കട്ടിലിനടിയിൽ പടുകൂറ്റൻ രാജവെമ്പാല, വീട്ടുകാരെ രക്ഷിച്ചത് കുഴമ്പുകുപ്പി
കണ്ണൂർ: കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. കണ്ണൂർ ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെസി കേളപ്പന്റെ വീട്ടിലാണ് സംഭവം.
ഇന്നലെ രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത കിടക്കാനായി മുറിയിലെത്തി. ഇവർക്ക് കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേക്കുന്നത് പതിവായിരുന്നു. ഇന്നലെ കുഴമ്പ് തേയ്ക്കുന്നതിനിടെ കുപ്പി കൈയിൽ നിന്ന് താഴെവീണു. കട്ടിലിനടിയിലേക്ക് ഉരുണ്ടുപോയ കുപ്പിയെടുക്കാനായി കുനിഞ്ഞപ്പോഴാണ് അവിടെ എന്തോ ഒന്ന് ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത് കണ്ടത്. ഇതോടെ സംശയംതോന്നി ടോർച്ച് തെളിച്ചുനോക്കിയപ്പോഴാണ് ചുറ്റിപ്പിണഞ്ഞുകിടക്കുന്നത് രാജവെമ്പാലയാണെന്ന് മനസിലായത്.
ലൈറ്റ് അടിച്ചതോടെ പാമ്പ് അക്രമാസക്തനായി. കേളപ്പനും വസന്തയും മകൻ അനിൽകുമാറുമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. പത്തി വിടർത്തി ചീറ്റിയതോടെ വീട്ടുകാർ ഭയന്ന് പുറത്തേക്കോടി. ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.ഇരിട്ടി ഫോറസ്റ്റ് സെക്ഷൻ താൽകാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു.പിന്നീട് ഇതിനെ ഉൾവനത്തിൽ തുറന്നുവിട്ടു. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നത്.
പാമ്പുപിടിത്തക്കാർ എത്തുന്നതുവരെ ഏറെ ഭയപ്പെട്ടാണ് വീട്ടിൽ കഴിഞ്ഞതെന്നാണ് കുടുംബം പറയുന്നത്. കുപ്പി താഴെ വീണില്ലായിരുന്നുവെങ്കിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണ് തങ്ങളെ രക്ഷിച്ചതെന്നുമാണ് അനിൽ പറയുന്നത്. നേരത്തേയും ഇവിടെ രാജവെമ്പാലയെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. എന്നാൽ വീടിനുള്ളിൽ കയറുന്നത് ആദ്യമാണ്. പ്രദേശത്ത് ഇനിയും രാജവെമ്പാലകൾ ഉണ്ടോ എന്ന് സംശയമുണ്ട്.