'തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് ശബരിമലയിലെ സ്വർണക്കൊള്ള, രാഹുലിനെ തിരിച്ചെടുക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് പറയും'

Saturday 06 December 2025 2:18 PM IST

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചാൽ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമോയെന്ന കാര്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറയുമെന്ന് ഷാഫി പറമ്പിൽ എംപി. രാഹുലിനെതിരായ നടപടി പാർട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമലയിലെ സ്വർണക്കൊള്ളയാണ് ചർച്ച ചെയ്യേണ്ടതെന്നും ഷാഫി കൂട്ടിച്ചേർത്തു.

'ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുൻപെങ്ങും ഉണ്ടായിട്ടില്ല.അയ്യപ്പന്റെ സ്വർണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും. സർക്കാർ സ്പോൺസേഡ് കൊള്ളയായിരുന്നു ശബരിമലയിൽ നടന്നത്. സിപിഎം അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നത്'- ഷാഫി പറമ്പിൽ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ സിപിഎം നേതാക്കളെ പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുന്നത് അവര്‍ എന്തൊക്കെ പുറത്തുപറയുമെന്ന ഭയം കൊണ്ടാണെന്ന് ഷാഫി നേരത്തെയും വിമര്‍ശിച്ചിരുന്നു. 'സിപിഎം ജില്ലാകമ്മിറ്റി അംഗം ജയിലിലായിട്ടും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും പാര്‍ട്ടി നല്‍കിയിട്ടില്ല. ശബരിമലയിലെ സ്വര്‍ണം കാക്കാന്‍ ഉത്തരവാദിത്തപ്പെട്ട ദേവസ്വം ബോര്‍ഡാണ് ആ സ്വര്‍ണം കവര്‍ന്നത്. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ്'- ഷാഫി പറമ്പിൽ ആരോപിച്ചത്.