പ്രിന്റിംഗ് മെഷീനിൽ അബദ്ധത്തിൽ സാരികുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം, അപകടം വർക്കലയിൽ ഇന്നുരാവിലെ
വർക്കല: പ്രസിനുള്ളിലെ പ്രിന്റിംഗ് മെഷീനിൽ അബദ്ധത്തിൽ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല അയിരൂർ പൂർണ പബ്ലിക്കേഷനിലെ ജീവനക്കാരി വർക്കല ചെറുകുന്നം സ്വദേശി മീന മണികണ്ഠൻ (52,ഷീബ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം.
ഇരുപതുവർഷത്തോളമായി ഇവിടത്തെ ജീവനക്കാരിയാണ് മീന. ജീവനക്കാരുടെ സുരക്ഷയെക്കരുതി പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് സാരി ധരിച്ചാണ് മീന എത്തിയത്. സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ടും ധരിച്ചിരുന്നു. പ്രിന്റിംഗ് നടക്കുന്നതിനിടെ സ്റ്റോർറൂമിലേക്ക് പോയ മീന സാധനങ്ങളുമായി തിരിച്ചുവരുന്നതിനിടെ സാരിയുടെ തുമ്പ് മെഷീനിൽ കുടുങ്ങുകയും വളരെ ശക്തിയോടെ തല തറയിൽ ഇടിക്കുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തെത്തുടർന്ന് തലയ്ക്കുള്ളിലേറ്റ ശക്തിയേറിയ ആഘാതമാണ് മരണകാരണമായതെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം. മൃതദേഹം മേൽനടപടികൾക്കായി മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ്: മണികണ്ഠൻ. മക്കൾ: ശ്രുതി, ചിപ്പി. മരുമക്കൾ: രാഹുൽ, വിപിൻ. സംസ്‌കാരം ഞായറാഴ്ച