ദേശീയപാതയിലൂടെ പോകുന്നെങ്കിൽ ഈ ഭാഗമെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണേ, 'കാലൻ' കാത്തിരിക്കുന്നു
കോലഞ്ചേരി: അശാസ്ത്രീയമായ ദേശീയപാത വികസനത്തെതുടർന്ന് പുത്തൻകുരിശ് മാനാന്തടത്ത് അപകടം നിത്യസംഭവമാകുന്നു. കഴിഞ്ഞദിവസം കടയിരുപ്പിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കു പോയ കോളജ് ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചതാണ് ഒടുവിൽ നടന്ന അപകടം. റോഡിലെ വളവും എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ കാണാൻ കഴിയാതെ വരുന്നതുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. ദേശീയപാതയുടെ പുനർനിർമ്മാണം നടന്നപ്പോൾ വളവ് നിവർത്താതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വർഷത്തിനിടെ വ്യത്യസ്ത അപകടങ്ങളിലായി മൂന്നുപേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്.
കൈയേറ്റങ്ങൾ തുടരുന്നു
ദേശീയപാതയുടെ പുനർനിർമ്മാണം നടത്തുമ്പോൾ 35 വർഷം മുമ്പുണ്ടായിരുന്ന ദേശീയപാത അതേപടി നിലനിറുത്തി പഴയ ടാറിംഗ് മാറ്റി ആധുനിക നിലവാരത്തിലുള്ളതാക്കുന്നതൊഴിച്ചാൽ മറ്റൊരു പ്രവൃത്തിയും നടന്നിട്ടില്ല. കൈയേറ്റങ്ങൾ പഴയപടി തുടരുകയാണ്. കൊച്ചിയിൽ നിന്ന് മൂന്നാർ, കമ്പം, തേനി എന്നിവിടങ്ങളിലേയ്ക്ക് നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി. റോഡിലെ വളവ് നിവർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. അശാസ്ത്രീയമായ നിർമ്മാണം അപകടം ക്ഷണിച്ചുവരുത്തുന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
പുത്തൻകുരിശ് വട്ടക്കുഴി പാലമുൾപ്പടെ നിലനിർത്തിയാണ് ദേശീയപാത പണി പൂർത്തിയാക്കിയത്. പാലത്തിന്റെ ഇരുവശവും വീതി കൂടിയ റോഡും പാലമെത്തുമ്പോൾ ഇടുങ്ങിയ വഴിയും ഈ മേഖലയെ അപകടമുനമ്പിലാക്കിയിട്ടുണ്ട്.
ഒരു കിലോമീറ്റർ പുനരുദ്ധാരണത്തിന് 7 കോടി രൂപ.
വീതി വർദ്ധിപ്പിക്കാതെ നടത്തുന്ന റീ ടാറിംഗ് യാത്രക്കാർക്ക് പ്രയോജനപ്പെടില്ല.
കോടികൾ മുടക്കിയുള്ള ദേശീയപാത വികസനം ലക്ഷ്യത്തിലെത്തില്ലെന്ന് ആശങ്ക.
കൈയേറ്റങ്ങൾ ഒഴിപ്പാക്കാതെ റോഡ് ടാറിംഗ് വീണ്ടും ഗതാഗതക്കുരുക്കുണ്ടാക്കും.