‘അടിയുടെ, ഇടിയുടെ’ കൊച്ചി ബസ് സർവീസ്
കൊച്ചി: സ്വകാര്യബസുകൾ ലാഭത്തിൽ ഓടിക്കാൻ കൊച്ചിയിൽ ക്വട്ടേഷൻ നടത്തിപ്പുകാർ സജീവമാകുന്നു. ഉടമ തയ്യാറാണെങ്കിൽ ഡ്രൈവർ, കണ്ടക്ടർ, മാനേജർ റോളുകളിൽ ക്വട്ടേഷൻസംഘം സർവീസ് നടത്തി ഉടമയ്ക്ക് ലാഭവിഹിതം കൃത്യമായി നൽകും. മറ്റ് സ്വകാര്യബസുകാരെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ഇവർക്ക് മടിയില്ല. പെർമിറ്റ് പ്രകാരമുള്ള റൂട്ടുപോലും ഇത്തരക്കാർക്ക് ബാധകമല്ല. കഴിഞ്ഞദിവസം വൈറ്റില ഹബ്ബിന് സമീപം എസ്.സി.-എസ്.ടി കമ്മീഷൻ അംഗമായ അഭിഭാഷകയേയും ഭർത്താവിനെയും മർദ്ദിച്ചതിന് കൊടുങ്ങല്ലൂർ സ്വദേശി അനുരാജ് പ്രദീഷ്‌കുമാർ (22) പിടിയിലായതോടെയാണ് കൊച്ചിയിലെ ക്വട്ടേഷൻ ബസ് സർവീസുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
കാക്കനാട്, ഫോർട്ടുകൊച്ചി, ആലുവ, എരമല്ലൂർ, പനങ്ങാട് പാതകളിലൂടെ ഓടുന്ന സ്വകാര്യബസുകളാണ് ക്വട്ടേഷൻകാർ നിയന്ത്രിക്കുന്നത്. ചില ഉടമകൾ ബസ് പാട്ടത്തിനെടുത്ത് ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കും. ഇവർ സർവീസ് നടത്തി ബാറ്റയുൾപ്പെടെ ഈടാക്കി ദിവസവും ലാഭവിഹിതം ഉടമയ്ക്ക് നൽകും. എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നവരാണ് ഇവരിലേറെയും. അമിതവേഗത്തിൽ ബസ് ഓടിക്കുകയും സമയക്രമത്തെച്ചൊല്ലി ഇതര ബസ് ജീവനക്കാരെ ആക്രമിക്കുന്നതും പതിവാണ്.
*കണ്ടക്ടറുടെ പല്ല് തെറിപ്പിച്ചു
ദേശീയപാത ബൈപ്പാസിലൂടെ അരൂരിലേക്ക് സർവീസ് നടത്തുന്ന സുൽത്താന ബസിലെ കണ്ടക്ടർ അനുരാജിനെതിരെ കേസുകളുടെ പരമ്പരയാണുള്ളത്. ഇയാളുടെ കൈക്കരുത്തറിയാത്ത, അസഭ്യം കേൾക്കാത്ത ബസ് ജീവനക്കാർ ചുരുക്കമാണ്. ഒരേസമയം കണ്ടക്ടറും മാനേജരുമായ ഇയാളുടെ ആക്രമണത്തിൽ കലൂർ-ചേർത്തല ബസിലെ കണ്ടക്ടർ പള്ളിപ്പുറം സ്വദേശി മിഥുന് (30) നഷ്ടപ്പെട്ടത് സ്വന്തം പല്ലാണ്. സമയക്രമത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു കാരണം.
ബ്ലാക്ക്പാന്തർ ബസ് ഉടമയുടെ മകനും ഇടപ്പള്ളി-അരൂർ ബസ് കണ്ടക്ടറുടെ അടിയേറ്റു. ഓഗസ്റ്റ് 12ന് ഹബ്ബിൽവച്ചുണ്ടായ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിൽ രഞ്ചുവിനെയും ഡ്രൈവർ കെ.വി. വർഗീസിനെയും കൈയേറ്റം ചെയ്തു. രണ്ട് കേസുകളാണ് മരട് പൊലീസെടുത്തത്. സമാന അനുഭവങ്ങളുള്ള നിരവധി പേരുണ്ടെങ്കിലും ഭയന്ന് പരാതി നൽകാൻ തയ്യാറായില്ല.
*പൊലീസ് സ്റ്റേഷനിലും ‘ഷോ’
കണ്ടക്ടറെ ആക്രമിച്ച കേസിൽ മരട് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ആൾജാമ്യമെടുത്ത് പോകാൻ തയ്യാറാകാതെ അനുരാജ് രാത്രി സ്റ്റേഷനിൽ തങ്ങി. പിറ്റേന്ന് കണ്ടക്ടറെ മരട് പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ തടഞ്ഞുവച്ചെന്ന പരാതിയുമായി ബസുടമ കോടതിയെ സമീപിച്ചു. സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് കോടതിയിൽ ഹാജരാക്കിയതോടെ കേസ് പാളി.
വൈറ്റില ഹബ്ബിന് സമീപം അഭിഭാഷകയും ഭർത്താവും സഞ്ചരിച്ച കാർ പിന്നോട്ടെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് അനുരാജ് ഇരുമ്പഴിക്കുള്ളിലാകാൻ കാരണം. കാറിന്റെ ബമ്പറിൽ ബസിടിച്ച് നിറുത്തിയശേഷം അഭിഭാഷകയുടെ ഭർത്താവിനെ മർദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. തുടർന്ന് അഭിഭാഷകയെ പിടിച്ചുതള്ളി ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മരട് പൊലീസ് അറസ്റ്റുചെയ്തു. ബസും പിടിച്ചെടുത്തു. അനുരാജ് പ്രതിയായ കേസുകളുടെ വിവരങ്ങൾ സഹിതം റിപ്പോർട്ട് നൽകിയതോടെ അനുരാജിനെ കോടതി ജുഡിഷ്യൽ റിമാൻഡിൽ വിട്ടു.