അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യമില്ല. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുൽ ഈശ്വർ ജയിലിൽ തുടരുകയാണ്. ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി രാഹുൽ പിൻവലിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽകേസിന്റെ എഫ്ഐആർ വിഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസിന്റെ എഫ്ഐആറിലെ വിവരങ്ങളാണ് തന്റെ പോസ്റ്റുകളിലുള്ളതെന്നും നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നുമാണ് രാഹുൽ വാദത്തിൽ ഉന്നയിച്ചു. അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കിൽ മാറ്റാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകൾ കണ്ടെത്തിയതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ അഭിഭാഷകനായ പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയും ബോധപൂർവ്വമായ പ്രവൃത്തിയുമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ലൈംഗിക പീഡന കേസിലെ എഫ്.ഐ.ആർ പൊതുരേഖയായി കണക്കാക്കാനാകില്ലല്ലോയെന്ന് കോടതി പറഞ്ഞു. ജാമ്യഹർജി പോലും നിയമവിരുദ്ധമായ സാഹചര്യത്തിൽ ഹർജി പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകാൻ കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്.