'ആഹാരം കഴിച്ചോളാം'; ജാമ്യം ലഭിക്കാതെയായതോടെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വർ ജയിലിൽ തുടർന്ന നിരാഹാരം പിൻവലിച്ചു. ആഹാരം കഴിക്കാമെന്ന് രാഹുൽ ഈശ്വർ ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചു. രാഹുൽ ഈശ്വറിന്റെ ജാമ്യം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് രാഹുൽ അറിയിച്ചത്.
കഴിഞ്ഞ ഏഴ് ദിവസമായി രഹുൽ ഈശ്വർ ജയിലിൽ തുടരുകയാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്.