വിശാഖപട്ടണത്ത് ജയ്സ്വാൾ 'ഷോ'; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സൂപ്പർ ജയം; പരമ്പര സ്വന്തമാക്കി
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സൂപ്പർ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. യശ്വസി ജയ്സ്വാളിൻന്റെ സെഞ്ച്വറി, രോഹിത്തിന്റെയും കൊഹ്ലിയുടെയും അർദ്ധ സെഞ്ച്വറി കരുത്തോടെയായിരുന്നു ഇന്ത്യയുടെ വിജയം. 271 റൺസ് എന്ന വിജയം ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ പൂർത്തിയാക്കിയത്. ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന്റെ നാണക്കേടാണ് ഏകദിനത്തിൽ പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യ മാറ്റിയെടുത്തത്.
യശ്വസി ജയ്സ്വാളിന്റെ കന്നി ഏകദിന സെഞ്ച്വറിയാണിത്. 121 പന്തിൽ 116 റൺസ് അടിച്ച് ജയ്സ്വാളും 45 പന്തിൽ 65 നേടി കൊഹ്ലിയും പുറത്താകാതെ നിന്നു. 75 റൺസെടുത്ത് രോഹിത് പുറത്തുപോയതോടെയാണ് കൊഹ്ലി ക്രീസിൽ എത്തിയത്.
മൂന്ന് മത്സരപരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ചതോടെ ഇന്നത്തെ മത്സരത്തിന് ഫൈനലിന്റെ പരിവേഷം ചാർത്തപ്പെട്ടിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശീയ ഇന്ത്യ 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (271/1). വിക്കറ്റ് കീപ്പർ ബാറ്ററും ഓപ്പണറുമായ ക്വിന്റൺ ഡി കോക്കിന്റെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 89 പന്ത് നേരിട്ട് 8 ഫോറും 6 സിക്സും ഉൾപ്പെടെ ഡി കോക്ക് 106 റൺസ് നേടി. ഇന്ത്യയ്ക്ക് 4 വിക്കറ്റ് വീതം വീഴ്‌ത്തിയ പ്രസിദ്ധ് കൃഷ്‌ണയും കുൽദീപ് യാദവുമാണ് ദക്ഷിണാണഫ്രിക്കയുടെ റണ്ണൊഴുക്കിന് തടയിട്ടത്.
ഡി കോക്കിനെ കൂടാതെ ക്യാപ്‌ടൻ ടെംബ ബവുമയ്ക്ക് (48) മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ തിളങ്ങാനായുള്ളൂ. ഡെവാൾഡ് ബ്രെവിസ് (29), മാത്യു ബ്രീറ്റ്‌സ്കെ (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. റിക്കൽറ്റൺ (0),എയ്‌ഡൻ മർക്രം (1), കോർബിൻ ബോഷ് (9), മാർക്കോ ജാൻസൺ (17) എന്നിവർ നിരാശപ്പെടുത്തി.