ചെത്തോങ്കര അപകടവളവിൽ ഡിവൈഡർ സ്ഥാപിച്ചു

Sunday 07 December 2025 1:08 AM IST
ചെത്തോങ്കരയിലെ അപകട വളവിൽ സ്ഥാപിച്ച ഡിവൈഡർ

റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകടമേഖലയായ ചെത്തോങ്കര വളവിൽ റോഡിന് നടുക്ക് ഡിവൈഡറുകൾ സ്ഥാപിച്ചു. അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് കെ.എസ്.ടി.പി. അധികൃതർ അടിയന്തരമായി ഡിവൈഡറുകൾ സ്ഥാപിച്ച് ഗതാഗതത്തിന് സുരക്ഷയേകിയത്. ഇന്നലെ രാവിലെയോടെയാണ് ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചത്. ചെത്തോങ്കര വളവ് സംസ്ഥാന പാതയിലെ ഏറ്റവും അപകടകരമായ ഭാഗങ്ങളിൽ ഒന്നാണ്. വളവിനു പുറമെ, ഇവിടെനിന്ന് അത്തിക്കയം ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങൾ വേഗത കുറയ്ക്കുന്നതും പിന്നാലെ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ ഓവർടേക്ക് ചെയ്യുന്നതുമാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിവച്ചിരുന്നത്. ഡിവൈഡറുകൾ സ്ഥാപിച്ചതോടെ അത്തിക്കയം റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾക്ക് സുരക്ഷിതമായി വേഗത കുറയ്ക്കാനും മറ്റു വാഹനങ്ങൾക്ക് റോഡിലെ പ്രധാന ഭാഗത്ത് സുരക്ഷിതമായ അകലം പാലിക്കാനും സാധിക്കും. ഇതോടെ ഈ ഭാഗത്തെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ആകുമെന്നാണ് കെ.എസ്.ടി.പി. അധികൃതർ പ്രതീക്ഷിക്കുന്നത്.