സഹകരണ നിക്ഷേപ പലിശയ്ക്ക് ടി.ഡി.എസ്: ഉത്തരവിന് സ്റ്റേ
കൊച്ചി: പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടി.ഡി.എസ് ബാധകമാക്കിയ ആദായനികുതി നിയമ ഭേദഗതി ശരിവച്ച ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
വാർഷിക ബിസിനസ് 50 കോടിയിലധികമുള്ള പ്രാഥമിക സംഘങ്ങൾക്ക് ഉറവിടത്തിൽ ഈടാക്കുന്ന നികുതി ബാധകമാക്കി 2020ൽ കൊണ്ടുവന്ന ഭേദഗതിക്കെതിരായ മുന്നൂറിലധികം ഹർജികൾ തള്ളിയായിരുന്നു ഒക്ടോബർ 25ലെ സിംഗിൾബെഞ്ച് ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് സഹകരണ സംഘങ്ങളുടെ കൂട്ടായ്മ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സ്റ്റേ അനുവദിച്ചത്.
സിംഗിൾബെഞ്ച് ഉത്തരവിനെ തുടർന്ന് കേരള ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ടി.ഡി.എസ് കിഴിവ് ചെയ്തു തുടങ്ങിയിരുന്നു. നികുതി പിടിക്കുന്നതിന് സിംഗിൾബെഞ്ച് ഉത്തരവിൽ മുൻകാലപ്രാബല്യം നൽകിയിരുന്നില്ല. മുൻകാലപ്രാബല്യം ബാധകമാക്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പും അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീലുകളിൽ 17ന് വാദം കേൾക്കും.