പ്രിന്റിംഗ് മെഷീനിൽ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Sunday 07 December 2025 12:26 AM IST

വർക്കല: ജോലിക്കിടെ പ്രിന്റിംഗ് മെഷീനിൽ സാരി കുടുങ്ങി തറയിൽ തലയിടിച്ച് വീണ് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം മീന നിവാസിൽ മീന മണികണ്ഠനാണ് (ഷീബ,52) മരിച്ചത്.

ഇന്നലെ രാവിലെ 10.45ഓടെ ചെമ്മരുതി മുട്ടപ്പലം ചാവടിമുക്കിൽ പ്രവർത്തിക്കുന്ന പൂർണ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് ഹൗസിലാണ് അപകടം. ബയന്റിംഗ് വിഭാഗം ജീവനക്കാരിയാണ്. ജോലിത്തിരക്കിനിടെ, ഹൈപവർ പ്രിന്റിംഗ് മെഷീന് സമീപം നിൽക്കവേ മീനയുടെ സാരിയുടെ മുന്താണിഭാഗം അബദ്ധത്തിൽ മെഷീനിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് നിലത്ത് തലയിടിച്ചുവീണ മീന അബോധാവസ്ഥയിലായി. മെഷീൻ ഒാഫാക്കി സഹപ്രവർത്തകർ മീനയെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിവുണ്ടായില്ലെങ്കിലും തലയിലെ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് അയിരൂർ പൊലീസ് പറഞ്ഞു.

20 വർഷമായി പ്രസിലെ ജീവനക്കാരിയാണ് മീന. ഭർത്താവ്: മണികണ്ഠൻ. മക്കൾ: ശ്രുതി,ചിപ്പി. മരുമക്കൾ: രാഹുൽ,വിപിൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും.