റഷ്യയുമായി സഹകരണത്തിന് പതഞ്ജലി ധാരണാപത്രം

Sunday 07 December 2025 12:05 AM IST

കൊച്ചി: വ്യാപാര, സാംസ്കാരിക രംഗത്ത് റഷ്യൻ സർക്കാരുമായി സഹകരിക്കുന്നതിന് പതഞ്ജലി യോഗാപീഠ് ധാരണാപത്രം ഒപ്പുവച്ചു. സുഖചികിത്സ, ആയുർവേദ, ഹെർബൽ ഉത്പന്നങ്ങൾ എന്നീ മേഖലകളിലെ സേവനങ്ങൾ റഷ്യൻ വിപണിയിൽ ലഭ്യമാക്കുന്നതിനാണ് ധാരണാപത്രം ശ്രദ്ധയൂന്നുന്നത്. പതഞ്ജലി ഗ്രൂപ്പ് സ്ഥാപകനും ബാബാ രാംദേവ്, റഷ്യയുടെ വാണിജ്യ മന്ത്രിയും ഇന്തോ-റഷ്യ ബിസിനസ് കൗൺസിൽ ചെയർമാനുമായ സെർജി ചെരിമിൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഹെൽത്ത് ആൻഡ് വെൽനസ്, ആരോഗ്യ ടൂറിസം, വിദഗ്ദ്ധ തൊഴിലാളികളുടെ കൈമാറ്റം, ഗവേഷണ അധിഷ്ഠിത സഹകരണം എന്നിവയിൽ റഷ്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബാബാ രാംദേവ് പറഞ്ഞു. യോഗ, നാച്ചുറോപതി, ആയുർവേദ എന്നിവയ്ക്ക് റഷ്യയിൽ പ്രചാരമേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ പതഞ്ജലിയുടെ വെൽനെസ് സേവനങ്ങളാണ് റഷ്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. പാരമ്പര്യ, സാംസ്കാരിക രംഗത്തും റഷ്യയുമായുള്ള സഹകരണം ശക്തമാക്കും.