മധുരമൂറുന്ന മരച്ചീനി 'മന്ന' ജോൺസണിന്റെ സ്വന്തം

Sunday 07 December 2025 12:46 AM IST

തിരുവനന്തപുരം: മധുരം കിനിയുന്ന മരച്ചീനിയുമായി കോഴിക്കോട് തിരുവമ്പാടി സ്വദേശി ജോൺസൺ മാത്യു. കേരളത്തിൽ പ്രചാരത്തിലുള്ള 22 ഇനം മരച്ചീനിയിൽ നിന്ന് വ്യത്യസ്തമാണിതെന്ന് കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം സാക്ഷ്യപ്പെടുത്തി. മന്ന എന്ന ഇനമായി സസ്യ വൈവിദ്ധ്യ സംരക്ഷണ, കർഷക അവകാശ അതോറിട്ടിയിൽ രജിസ്ട്രേഷനും ലഭിച്ചു. വിളവിന്റെ സംരക്ഷകൻ എന്ന നിലയിൽ ജോൺസണ് പേറ്റന്റും കിട്ടി. രാജ്യത്ത് ഒരു കർഷകന്റെ തനത് ഇനമായി രജിസ്റ്റർ ചെയ്യുന്ന ആദ്യകിഴങ്ങുവർഗമെന്ന ബഹുമതിയും മന്നയ്ക്ക് സ്വന്തം.

കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടർ ഡോ. ജി.ബൈജുവിന്റെ മേൽനോട്ടത്തിൽ ആറു വർഷത്തോളം ഗുണഗണങ്ങൾ പഠന വിധേയമാക്കിയശേഷമാണ് മറ്റൊരിടത്തും ഈ ഇനം ഇല്ലെന്ന് ഉറപ്പാക്കിയത്.

ശാസ്ത്രജ്ഞയായ ഡോ. എം.എം.ഷീലയുടെ നേതൃത്വത്തിൽ തുടങ്ങിയ പഠനം പിന്നീട് ഡോ. വിശാലാക്ഷി ചന്ദ്രയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പൂർത്തീകരിച്ചത്. ശേഷം ഒഡിഷയിലെ ഭുവനേശ്വറിലുള്ള സി.ടി.സി.ആർ.ഐ കേന്ദ്രത്തിലും പഠനം നടന്നു.

പരിചയക്കാർക്ക് നൽകി,

ഒടുവിൽ ശ്രീകാര്യത്തേക്ക്

കുടുംബം പരമ്പരാഗതമായി കൃഷിചെയ്തുവന്നതാണ്. പരിചയക്കാർക്ക് മാത്രമാണ് വിളവെടുക്കുമ്പോൾ നൽകിയിരുന്നത്. പിന്നീടാണ് ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണ കേന്ദ്രത്തിന് നൽകിയത്.

കെമിസ്ട്രിയിൽ ഡിഗ്രിയും അഡ്വർടൈസ്മെന്റ് ആൻഡ് പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയുമുള്ള ജോൺസൺ 20 വർഷമായി കാർഷിക വൃത്തിയിലാണ്. റബർ,​ ഫലവർഗങ്ങൾ,​ പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നു. മരച്ചീനി ഇനങ്ങളെ സംബന്ധിച്ച് കിഴങ്ങു ഗവേഷണ സ്ഥാപനത്തിന്റെ ട്രയൽ പ്രോജക്ടിൽ പങ്കാളിയാണിപ്പോൾ.

അതി സ്വാദിഷ്ടം

1. അതി സ്വാദിഷ്ടമായ ഇനം. നീളം കൂടുതൽ

2. 10-11 മാസം കൊണ്ട് വിളവെടുപ്പ്

3. കപ്പയിലെ മസൊക്ക് വൈറസിനെതിരെ

പ്രതിരോധ ശേഷി

 ലഭിച്ച അംഗീകാരത്തിന് കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിന്റെ പിന്തുണ വളരെ വലുതാണ്.

-ജോൺസൺ മാത്യു