ജാമ്യാപേക്ഷ: കോടതി തീരുമാനം കാക്കാറുണ്ട്: മുഖ്യമന്ത്രി
തൃശൂർ: ജാമ്യാപേക്ഷ കോടതിയിലുള്ളപ്പോൾ അറസ്റ്റിന് തടസമില്ലെങ്കിലും തീരുമാനം വരും വരെ കാത്തുനിൽക്കാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അറസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന വോട്ട് വൈബ് പരിപാടിയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
എന്തും വിളിച്ചുപറയുന്ന യു.ഡി.എഫ് നേതാക്കളാണ് സി.പി.എം - ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കാർ തിരഞ്ഞെടുപ്പിൽ വിശ്വസിച്ചിരുന്നില്ല. 1992ൽ കേന്ദ്ര കോൺഗ്രസ് സർക്കാർ ഇവരെ നിരോധിച്ചതിന്റെ വിരോധത്തിലാണ് കോൺഗ്രസിനെതിരെ 1996ൽ പ്രതിഷേധ വോട്ട് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിപ്പോകേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഗുഡ് സർട്ടിഫിക്കറ്റും നൽകിയിട്ടില്ല.
നാല് വോട്ടിനും നാല് സീറ്റിനുമായി ആർക്കൊപ്പവും യു.ഡി.എഫ് കൂട്ട് കൂടും.
. പി.എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം അപ്പാടെ തകരില്ല. ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനാകില്ല. ദേശീയപാതയുടെ മുഴുവൻ കാര്യങ്ങളും നിർവഹിക്കുന്നത് എൻ.എച്ച്.എ.ഐയാണ്. സംസ്ഥാന സർക്കാരിന്റെ പെടലിക്കിടാൻ നോക്കേണ്ട-മുഖ്യമന്ത്രി വ്യക്തമാക്കി.