വാൽപ്പാറയിൽ 4 വയസുകാരനെ പുലി കൊന്നു
Sunday 07 December 2025 12:56 AM IST
അതിരപ്പിള്ളി: വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം. നാലു വയസുകാരന് ദാരുണാന്ത്യം. അസാം സ്വദേശി റജബുൽ അലിയുടെ മകൻ സൈബുളാണ് (4) കൊല്ലപ്പെട്ടത്. അയ്യർപ്പാടി എസ്റ്റേറ്റിൽ ജെ.ഇ.ബംഗ്ലാവ് ഡിവിഷനിൽ ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം.
വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തേയിലക്കാട്ടിൽ നിന്നറങ്ങി വന്ന പുള്ളിപ്പുലി കടിച്ചുകൊണ്ടു പോയി. സൈബുളിന്റെ മറ്റ് രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് വീടിനുള്ളിൽ നിന്നു പിതാവും അമ്മയും പുറത്തെത്തിയത്. എസ്റ്റേറ്റ് മാനേജരെ അറിയിച്ചു. തുടർന്ന് തൊഴിലാളികളും വനപാലകരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു മൃതദേഹം കണ്ടെത്തി. വാൽപ്പാറ ഗവ.ആശുപത്രിയിലെത്തിച്ചു. എട്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പുലിയുടെ ആക്രമണത്തിൽ കുട്ടികൾ മരിക്കുന്നത്.