മലയാളികളായ യുവാക്കളടക്കം അടിമകളാകുന്ന 'സാധനം', വില ഒന്നിന് 800 രൂപ വരെ; അതിർത്തി കേന്ദ്രീകരിച്ച് സംഘങ്ങൾ
വെളളറട: ക്രിസ്മസ് കച്ചവടം ലക്ഷ്യമാക്കി മലയോര ഗ്രാമങ്ങളിൽ വ്യാജമദ്യ നിർമ്മാണം സജീവമാകുന്നു. നെയ്യാർ റിസർവേയറിൽ ഉൾപ്പെടുന്ന വനമേഖലയിലെ പഴയ വാറ്റുകേന്ദ്രങ്ങളിലും അതിർത്തി കേന്ദ്രീകരിച്ചുമാണ് ചാരായനിർമ്മാണം നടക്കുന്നത്. വീര്യം കൂടിയ വാറ്റുചാരായമായതിനാൽ മാർക്കറ്റിൽ വൻ ഡിമാന്റാണ്. പഴയതുപോലെയുള്ള ഒഴിച്ചു വിൽപ്പനയില്ലാതെ വാഹനങ്ങളിൽ എത്തിച്ചുകൊടുത്ത് ഇടനിലക്കാർ വഴിയാണ് കച്ചവടം.
ഉൾവനങ്ങളിലും മലയോര പ്രദേശങ്ങളിലും ഗ്യാസ്‌സിലിണ്ടറും കുക്കറുമുപയോഗിച്ച് വീര്യമുള്ള പട്ടകളും പഞ്ചസാരയും ചേർത്തുവാറ്റുന്ന ചാരായത്തിന് പുറമെ സ്പിരിറ്റു കലക്കിയ വ്യാജ വിദേശമദ്യവും കച്ചവടത്തിനെത്തുന്നുണ്ട്. ഒരു കുപ്പിവാറ്റ് ചാരായത്തിന് 500മുതൽ 800രൂപവരെ വിലയുണ്ട്.മുൻപ് വ്യാപകമായ വ്യാജച്ചാരായ നിർമ്മാത്തിൽ ഇവിടത്തെ ക്രമസമാധാനം തകർന്നിരുന്നു.
യുവാക്കളും ആദിവാസികളുമുൾപ്പെടെ വൻതോതിൽ മദ്യപാനത്തിന് അടിമകളായി. പൊലീസ്,എക്സൈസ്,വനംവകുപ്പ് തുടങ്ങി വിവിധ സന്നദ്ധസംഘടനകളും മതസംഘടനകളും സംയുക്തമായി ചേർന്നാണ് ഈ മേഖലയിലെ വ്യാജച്ചാരായ നിർമ്മാണം തുടച്ചുമാറ്റിയത്. വില്പന സംഘങ്ങൾ സജീവം അംമ്പൂരി,ആര്യങ്കോട്,വെള്ളറട,ഒറ്റശേഖരമംഗലം എന്നീ പ്രദേശങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ ചാരായം ലഭിക്കും.ആഡംബരവാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും അരലിറ്ററിന്റെയും ഒരുലിറ്ററിന്റെയും മിനറൽ വാട്ടർ കുപ്പികളിലാക്കി ചാരയം ആവശ്യക്കാർക്ക് എത്തിക്കുന്നുണ്ട്. പനച്ചമുട്,വെള്ളറട കേന്ദ്രീകരിച്ച് നിരവധി വിൽപ്പനസംഘങ്ങളുമുണ്ട്. പൊലീസ്,എക്സൈസ്,വനംവകുപ്പ് എന്നിവരുടെ പരിശോധനകൾ ശക്തമായില്ലെങ്കിൽ മലയോരത്ത് വ്യാജച്ചാരായ നിർമ്മാണം വർദ്ധിക്കും.