ജില്ലാതല മത്സരങ്ങൾ സമാപിച്ചു
കൊല്ലം: അമൃത വിശ്വവിദ്യാപീഠം എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ഒരു ലോകം ഒരു ഹൃദയം' പരിപാടിയുടെ ജില്ലാതല മത്സരങ്ങൾ സമാപിച്ചു. പുതിയകാവ് അമൃത വിദ്യാലയത്തിലും കരിക്കോട് അമൃത വിദ്യാലയത്തിലുമായി നടന്ന മത്സരങ്ങളിൽ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ജില്ലയിലെ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനത്താകെ മൂവായിരത്തി അഞ്ഞൂറോളം പേരാണ് ഒരേദിവസം മത്സരങ്ങളിൽ പങ്കെടുത്തത്. മാതാ അമൃതാനന്ദമയി ദേവി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ സംസാരിച്ചതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസം, ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ജനുവരി 12ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടക്കുന്ന ഫൈനലിൽ പങ്കെടുക്കാം. വിജയികൾക്ക് 15 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.