വോട്ടെടുപ്പിന് മണിക്കൂറുകൾ: ആരോപണ ശരങ്ങൾക്ക് മൂർച്ച കൂട്ടി മുന്നണികൾ

Sunday 07 December 2025 12:36 AM IST

തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ആരോപണ

ശരങ്ങൾക്ക് മൂർച്ച കൂട്ടി മുന്നണികൾ.വികസനത്തിന് ഉപരി സ്വർണ്ണക്കൊള്ളയും ലൈംഗിക പീഡനക്കേസും മുഖ്യ പ്രചാരണ വിഷയങ്ങളായ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ത്രികോണ മത്സര പ്രതീതിയാണ്.

എൽ.ഡി.എഫ്

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ആധിപത്യം തുടരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. നടപ്പാക്കിയ വികസന പദ്ധതികളും വർദ്ധിപ്പിച്ച സാമൂഹ്യക്ഷേമ ആനുകൂല്യങ്ങളും ഉയർത്തിക്കാട്ടിയാണ് പ്രചാരണം. ശബരിമല സ്വർണക്കൊള്ളയിൽ എൽ.ഡി.എഫ് ഭരണകാലത്തെ ദേവസ്വം ബോർഡുകൾ പ്രതിക്കൂട്ടിലായത് പ്രതിരോധത്തിലാക്കി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനകേസിലൂടെ യു.ഡി.എഫിനെ തിരിച്ച് ആക്രമിക്കാൻ ശ്രമം. യു.ഡി.എഫ് വർഗീയ സംഘടനകളുമായി ചേർന്നാണ് മത്സരിക്കുന്നതെന്ന പ്രചാരണവും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരമ്പരാഗത കേന്ദ്രങ്ങളിൽ പോലും ബി.ജെ.പി സൃഷ്ടിച്ച വിള്ളൽ ആവർത്തിക്കുമോയെന്ന ആശങ്ക.

യു.ഡി.എഫ്

ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന പ്രതീക്ഷ. ശബരിമലയിലെ സ്വർണക്കൊള്ളയാണ് പ്രധാന പ്രചാരണം. മുൻ ദേവസ്വം മന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന പ്രതീതി നിലനിർത്തിയാണ് സി.പി.എമ്മിന് എതിര്യ ആക്രമണം. പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ് ധാർമ്മികത പ്രകടിപ്പിച്ചെന്ന പ്രചാരണം. സമാന ആരോപണങ്ങൾ നേരിട്ടവരെ സി.പി.എം സംരക്ഷിക്കുകയാണെന്നും ആരോപണം. സി.പി.എം- ബി.ജെ.പി ഡീൽ ആരോപണവും ശക്തം. എൻ.ഡി.എ പിടിക്കാനിടയുളള അധിക വോട്ടുകൾ സ്വന്തം പാളയത്തിൽ നിന്നാകുമോയെന്ന ആശങ്ക.

എൻ.ഡി.എ

ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായി വോട്ട് വർദ്ധിപ്പിക്കാനായാൽ അനുകൂല ഫലമുണ്ടാകുമെന്ന വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. എൽ.ഡി.എഫിനും യു.ഡി.എഫിനും പകരം പുതിയ മാറ്റം പരീക്ഷിക്കാനുള്ള ആഹ്വാനം. വിശ്വാസികളെ എൽ.ഡി.എഫ് വഞ്ചിച്ചെന്നും കോൺഗ്രസ് മതേതരത്വം കൈവിട്ടെന്നും ആരോപണം.