വോട്ടെടുപ്പിന് മുന്നൊരുക്കം; സാമഗ്രി വിതരണം നാളെ

Sunday 07 December 2025 12:37 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ.ഷാജഹാൻ വിലയിരുത്തി. നാളെ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. ഇന്ന് നടക്കുന്ന പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം സമാധാനപരമാകുന്നതിനുള്ള മുന്നൊരുക്കം പൂർത്തിയായതായി ജില്ലാകളക്ടർമാർ യോഗത്തിൽ അറിയിച്ചു.പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ, വിതരണകേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് വോട്ടെടുപ്പ് ദിവസവും തലേന്നും വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിവസവും അവധി അനുവദിക്കാൻ നടപടിയായി.

പ്രശ്നബാധിതമായി കണ്ടെത്തിയ പോളിങ് സ്റ്റേഷനുകളിൽ മുൻകരുതൽ സ്വീകരിക്കും. വന്യജീവിസംഘർഷമുള്ള പ്രദേശങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാർക്ക് സുരക്ഷിതമായി എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കും. ഇതിനായി വനംവകുപ്പിൽ നിന്നു സഹായം ലഭ്യമാക്കണമെന്ന് കമ്മിഷണർ നിർദേശിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെയും ഓൺലൈൻ യോഗങ്ങളും ഇന്നലെ വിളിച്ചുചേർത്തു.