തീവ്ര വോട്ടർ പട്ടിക: 20 ലക്ഷം പേരെ ഒഴിവാക്കിയേക്കും
തിരുവനന്തപുരം: എസ്.ഐ.ആർ ആദ്യഘട്ടം പുരോഗമിക്കേ, 20.753 ലക്ഷം വോട്ടർമാരെ ഒഴിവാക്കേണ്ട സാഹചര്യമെന്ന് ബി.എൽ.ഒമാരുടെ റിപ്പോർട്ട്. ഇത് ഇനിയും വർദ്ധിച്ചേക്കാമെന്ന് ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ രാഷ്ട്രീയപ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു.
ഒഴിവാക്കപ്പെടുന്നവരിൽ 6.11ലക്ഷം പേർ മരിച്ചുപോയവരാണ്. 7.39 ലക്ഷം പേർ താമസം മാറിപ്പോയി. 5.66 ലക്ഷം പേരെ കണ്ടെത്താനായില്ല. 1.12 ലക്ഷം പേർ ഇരട്ടിപ്പാണ്. 0.45ലക്ഷം പേർ എസ്.ഐ.ആറുമായി സഹകരിക്കാത്തവരും.
റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഡിസംബർ 18വരെ ഫോം സ്വീകരിക്കും. കരട് വോട്ടർപട്ടിക പുറത്തിറക്കുന്ന തീയതി ഡിംസബർ 23 ആയും നീട്ടി. രണ്ടാഴ്ചയിലേറെ സമയമാണ് കൂടുതലായി കിട്ടിയത്. 11ന് തദ്ദേശ വോട്ടെടുപ്പ് കഴിയും. അതിനുശേഷം രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ ബി.എൽ.എമാരുടെ പിന്തുണ ഖേൽക്കർ അഭ്യർത്ഥിച്ചു.
തെളിവെടുപ്പുകൾ നടത്തി ഒഴിവാക്കപ്പെടേണ്ടവരുടെ കാര്യത്തിൽ വ്യക്തതവരുത്താനാണിത്. നിലവിൽ ഒരു ബൂത്തിൽ 1200 വോട്ടർമാരുണ്ട്. ഇവരിൽ 50- 60വോട്ടർമാർ ഒഴിവാക്കപ്പെടാനിടയുള്ളത്. ബൂത്ത് തലത്തിൽ തെളിവെടുപ്പ് നടത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കാനാണ് ശ്രമിക്കുന്നത്.
കരട് വോട്ടർപട്ടികയ്ക്കെതിരെ അപ്പീലുകൾ ഇ.ആർ.ഒമാർക്കും ജില്ലാകളക്ടർമാർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും സമർപ്പിക്കാം.
5060 ബൂത്തുകൾ കൂടും
എസ്.ഐ.ആർ പൂർത്തിയാകുന്നതോടെ 5060 ബൂത്തുകൾ കൂടി വർദ്ധിപ്പിക്കേണ്ടിവരും. നിലവിൽ 25438 ബൂത്തുകളാണുള്ളത്.
എസ്.ഐ.ആർ
സമയക്രമം
എന്യുമറേഷൻ പിരീഡ്: ഡിസംബർ 18
പോളിംഗ് സ്റ്റേഷൻ പുന:ക്രമീകരണം: 18ന്
കരട് വോട്ടർപട്ടിക തയ്യാറാക്കൽ: 19 മുതൽ 22 വരെ
കരട് പ്രസിദ്ധീകരിക്കൽ: 23ന്
പരാതി സ്വീകരിക്കൽ: 23 മുതൽ ജനുവരി 22 വരെ
തെളിവെടുപ്പ്: ജനുവരി 23 മുതൽ ഫെബ്രുവരി 14 വരെ
അന്തിമ പട്ടിക പരിശോധന: ഫെബ്രുവരി 17
അന്തിമ പട്ടിക പ്രസിദ്ധീകരണം: ഫെബ്രുവരി 21