എസ്.ഐ.ആർ: പ്രവാസികളുടെ യോഗം വിളിക്കും

Sunday 07 December 2025 12:43 AM IST

തിരുവനന്തപുരം: എസ്.ഐ.ആറിൽ പ്രവാസികൾക്കുള്ള ആശങ്ക പരിഹരിക്കാൻ പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം ഓൺലൈനായി ചേരുമെന്ന് ഇന്നലെ വിളിച്ചുചേർത്ത രാഷ്ട്രീയ പ്രതിനിധിയോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ അറിയിച്ചു. പ്രതിനിധികളുടെ യോഗങ്ങളിലെ നിരന്തര ആവശ്യമായിരുന്നിത്. സി.ഇ.ഒ ഡോ.രത്തൻ.യു.കേൽക്കർ നോർക്കയ്ക്ക് കത്തു നൽകിയിട്ടും നടപടിയുണ്ടായില്ല. യോഗം നോർക്ക വിളിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുസ്ലിംലീഗ് പ്രതിനിധി മുഹമ്മദ് ഷാ കുറ്റപ്പെടുത്തി. പ്രവാസിസംഘടനകളുടെ പട്ടിക കൈമാറാമെന്നും അദ്ദേഹം ഉറപ്പു നൽകി. എസ്‌.ഐ.ആർ നടപടിക്കു ശേഷം പുറത്തിറക്കുന്ന വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പൗരത്വ പ്രശ്നമുണ്ടാകുമോയെന്ന ആശങ്കയാണ് പ്രവാസികൾക്കുള്ളത്. വോട്ടർപ്പട്ടികയിൽ 90,030 പ്രവാസികളുണ്ട്. ഇതിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് 2670പേർ മാത്രമാണെന്ന് സി.ഇ.ഒ പറഞ്ഞു. പ്രവാസി കോൾസെന്ററിലെ 1950എന്ന നമ്പരിലേയ്ക്ക് ഒരുമാസത്തിനിടെ വിളിച്ചത് 33,661 പേരാണ്. ഇ-മെയിൽവഴി ബന്ധപ്പെട്ടത് 2146 പേരും.