എൻ.വാസുവിന്റെ ജാമ്യഹർജിയിൽ വിശദീകരണം തേടി
Sunday 07 December 2025 1:56 AM IST
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാംപ്രതിയായ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നോട്ടീസിന് നിർദ്ദേശിച്ച ജസ്റ്റിസ് കെ. ബാബു,ഹർജി വീണ്ടും 15ന് പരിഗണിക്കാൻ മാറ്റി. ഒക്ടോബർ 23 മുതൽ റിമാൻഡിലാണെന്നും ഹൃദ്രോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് വാസുവിന്റെ ആവശ്യം. ബോധപൂർവം ഒരു ക്രമക്കേടും നടത്തിയിട്ടില്ല. സഹ ഉദ്യോഗസ്ഥർ നൽകിയ കത്തുകൾ ബോർഡിന്റെ പരിഗണനയ്‌ക്ക് വിടുകയാണ് ചെയ്തത്. എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതിനാൽ കസ്റ്റഡി തുടരേണ്ടതില്ലെന്നും ഹർജിയിൽ പറയുന്നു.