വിവരങ്ങൾ ചോരുന്നുവെന്ന് സംശയം; രാഹുലിനെ കണ്ടെത്താൻ ഇനി പുതിയ സംഘം, കുരുക്കൊരുക്കി പൊലീസ്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ദിവസങ്ങളായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താൻ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.ആദ്യപരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ രാഹുൽ ഒളിവിൽ പോകുകയായിരുന്നു. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയാണെന്നാണ് ആദ്യം ലഭിച്ച വിവരം.
കഴിഞ്ഞ 11 ദിവസമായി അതിവിദഗ്ധമായാണ് രാഹുൽ പൊലീസിന്റെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടത്. പ്രമുഖരടക്കമുള്ളവർ രാഹുലിനെ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ എത്തിയ ഉടൻ രാഹുൽ പാലക്കാട് നിന്ന് മുങ്ങിയിരുന്നു. സിസിടിവി ക്യാമറകളുള്ള റോഡുകൾ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്നാട് - കർണാടക അതിർത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്കും മാറിയിരുന്നു.
അതേസമയം, രാഹുലിനെതിരായ ആദ്യപരാതിയിൽ ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. എന്നാൽ രണ്ടാമത്തെ പരാതിയിൽ അറസ്റ്റിന് തടസമില്ലെന്നാണ് തിരുവനന്തപുരം ജില്ലാ ഡിവിഷൻസ് കോടതിയുടെ ഉത്തരവ്. ആദ്യകേസിൽ തിരുവനന്തപുരം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിൽ വിശദവാദം കേൾക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു 15വരെ അറസ്റ്റ് തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. സർക്കാരിനായി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി എ ഷാജിയാണ് നേരിട്ട് ഹാജരായത്.
രണ്ടാമത്തെ കേസിൽ പൊലീസ് റിപ്പോർട്ട് കിട്ടാതെ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കരുതെന്ന പ്രോസിക്യൂട്ടർ കെ.വേണിയുടെ ആവശ്യം സെഷൻസ് കോടതി ജഡ്ജി അനസ്.വി അംഗീകരിക്കുകയായിരുന്നു. നാളെ വാദം കേൾക്കും. പൊലീസ് റിപ്പോർട്ട് നാളെ ലഭ്യമാക്കാനും നിർദ്ദേശിച്ചു. കെപിസിസി പ്രസിഡന്റിന് ഇ- മെയിലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാം കേസ്. പത്തനംതിട്ട സ്വദേശിയായ 23കാരിയാണ് പരാതിക്കാരി.