'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം'; കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ പുതിയ കുരുക്ക്
കൊച്ചി: യുവനടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച കേസിൽ നടൻ ദിലീപിന് പുതിയ കുരുക്ക്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്കും എട്ടാം പ്രതിയായ ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അറിയില്ലെന്ന ദിലീപിന്റെ നിലപാട് കോടതിയിൽ തള്ളിയിരിക്കുകയാണ് പൾസർ സുനി. എന്നാല്‍ ഒന്നാം പ്രതിയുമായി യാതൊരു പരിചയവുമില്ലെന്നാണ് ദിലീപ് എടുത്തിരുന്ന നിലപാട്.
സംഭവം നടന്ന് എട്ടരവർഷത്തിനുശേഷം കേസിൽ നാളെയാണ് വിധി പറയുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പ്രസ്താവിക്കുക. പൾസർ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കം പത്ത് പ്രതികളുണ്ട്. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാൾ സലിം (എച്ച്.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. മേസ്ത്രി സനിലാണ് (സനിൽകുമാർ) ഒമ്പതാംപ്രതി. രണ്ടാം കുറ്റപത്രത്തിൽ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത്‌നായരെയും പ്രതിചേർത്തിരുന്നു.
2017 ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാൾ ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024 സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ളീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.