ഇലക്ഷൻ പ്രചരണത്തിനിടെ വെരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല, കോൺഗ്രസ് പ്രവർത്തകൻ രക്തം വാർന്നു മരിച്ചു

Sunday 07 December 2025 10:46 AM IST

ചമ്പക്കുളം: സ്ഥാനാർത്ഥി പ്രചരണത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ രക്തം വാർന്നുമരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയിൽ വീട്ടിൽ രഘു (53) ആണ് മരിച്ചത്. വെരിക്കോസ് വെയിൻ പൊട്ടിയതറിയാത്തതിനെ തുടർന്ന് വലിയ അളവിൽ രക്തം വാർന്നുപോയതാണ് മരണകാരണം. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഉദയകുമാറിന്റെ ഇലക്ഷൻ പ്രചരണത്തിനിടെ അനൗൺസ്‌മെന്റ് വാഹനത്തിൽ വച്ചായിരുന്നു സംഭവം.

അനൗൺസ്‌മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു. പ്രചരണവാഹനത്തിൽ സഞ്ചരിക്കവെ വെരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്നുപൊയ്ക്കൊണ്ടിരുന്നത് അറിഞ്ഞില്ല. വാഹനത്തിലുള്ളിലായതിനാൽ ഇക്കാര്യം മറ്റാരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല. ചമ്പക്കുളം മൂന്നാം വാർഡിലെ സ്ഥാനാർത്ഥിയുടെ സ്വീകരണത്തിന് ശേഷം രഘുവിന് അവശത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് രക്തം വാർന്നു പോകുന്നുണ്ടെന്ന് മനസിലായത്.

ഉടൻ തന്നെ ചമ്പക്കുളം ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. മേഖലയിൽ കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും പ്രവർ‌ത്തനങ്ങളിൽ സജീവമായിരുന്നു രഘു. ഭാര്യ: സിന്ധു, മക്കൾ: വിശാഖ് (ഖത്തർ), വിച്ചു, മരുമകൾ: അരുന്ധതി