ആഷസ് പരമ്പരയിൽ രണ്ടാമതും ഇംഗ്ലണ്ടിന് ദയനീയ തോൽവി, പൊരുതിയിട്ടും ഫലമില്ല

Sunday 07 December 2025 4:32 PM IST

ബ്രിസ്‌ബെയ്‌ൻ: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരവും ഇംഗ്ലണ്ടിന് ദയനീയ തോൽവി. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകർത്തത്.

65 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ, ക്യാപ്ടൻ സ്റ്റീവ് സ്മിത്തിന്റെ (9 പന്തിൽ 23 റൺസ്) വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ പത്ത് ഓവറിൽ ലക്ഷ്യം കണ്ടു.

ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഓസീസ് 2-0ന് മുന്നിലാണ്. നാലാം ദിനം ബെൻ സ്റ്റോക്സും (50) വിൽ ജാക്ക്സും (41) നടത്തിയ ചെറുത്തുനിൽപ്പ് മാത്രമാണ് ഇംഗ്ലണ്ടിന് ഏക ആശ്വാസമായത്. മൂന്നാം ദിവസത്തെ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷമാണ് ഇരുവരും ക്രീസിലെത്തിയത്. ഏഴാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസ്‌ട്രേലിയയുടെ വിജയത്തെ ഇരുവരും ചേർന്ന് വൈകിപ്പിച്ചിരുന്നു.

മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനേക്കാൾ 43 റൺസ് പിന്നിലായിരുന്ന ഇംഗ്ലണ്ട്, നാലാം ദിനം സ്റ്റോക്സിന്റെയും ജാക്ക്സിന്റെയും തോളിലേറി ലീഡ് 47 റൺസ് വരെയാക്കി ഉയർത്തി. എന്നാൽ, സ്ലിപ്പിൽ സ്റ്റീവ് സ്മിത്ത് എടുത്ത അമ്പരപ്പിക്കുന്ന ക്യാച്ചിനെ തുടർന്ന് ജാക്സ് പുറത്തായതോടെ ഇംഗ്ലീഷ് ചെറുത്തുനിൽപ്പ് അവസാനിച്ചു. തൊട്ടടുത്ത ഓവറിൽ അർദ്ധ സെഞ്ച്വറി നേടിയ സ്റ്റോക്ക്സിനെ (50) മൈക്കിൾ നെസർ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.

സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ച മൈക്കിൾ നെസർ 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടം കൊയ്തു. 65 റൺസ് മാത്രം വിജയലക്ഷ്യം വേണ്ടിയിരുന്ന ഓസീസ് 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.