കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകന് വനം വകുപ്പിൽ ജോലി
പാലക്കാട്: കടുവാ സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകൻ അനിൽ കുമാറിന് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകാൻ തീരുമാനം. അദ്ദേഹത്തിന്റെ കടുംബത്തിന് ആദ്യ ഘട്ട നഷ്‌ടപരിഹാരത്തുക നാളെ കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു. ആന്തരിക രക്തസ്രാവമാണ് കാളിമുത്തുവിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നട്ടെല്ലുകളും വാരിയെല്ലുതകളും തകരുകയും ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിക്കുകയും ചെയ്‌തു. ആന പിന്നിൽ നിന്നും തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം നെഞ്ചിൽ ചവിട്ടിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും കാളിമുത്തുവിന്റെ ശരീരത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് കടുവ സെൻസസിന് പോയ ബീറ്റ് അസിസ്റ്റന്റ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലക്കാട് പുത്തൂരിൽ വച്ചായിരുന്നു ആക്രമണം. പുത്തൂർ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ ആർ കണ്ണൻ, വനം വാച്ചർ അച്ചുതൻ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയിൽ കടുവാ സെൻസസിനെത്തിയത്. കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു.