ഗോവയിലും ക്വട്ടേഷൻ നടപ്പാക്കാൻ ശ്രമിച്ചു, നടിയെ ആക്രമിച്ച കേസിന്റെ നാൾ വഴി
തന്നേയും കാവ്യ മാധവനെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിക്കുകയും ഈ ബന്ധം മഞ്ജുവാര്യരെ അറിയിച്ചുവെന്നും ദിലീപ് സംശയിച്ചു. ഇതോടെ ആദ്യ വിവാഹബന്ധം തകർന്നു. 2013ൽ 'അമ്മ" റിഹേഴ്‌സൽ ക്യാമ്പിൽ കാവ്യയെ അതിജീവിത അപമാനിച്ചതോടെ പകയായി. അതിജീവിതയുടെ കരിയർ തകർക്കാൻ മാർഗങ്ങൾ തേടി.
അതിജീവിതയെ മാനസികമായി തളർത്താനും അപമാനിക്കാനും പൾസർ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാൻ നിർദ്ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നൽകി. 2013ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
സിനിമാ സെറ്റിലെ ഡ്രൈവറായിരുന്ന പൾസർ സുനി 2015ൽ തൃശൂർ ജോയ്‌സ് പാലസ് ഹോട്ടലിന്റെ പാർക്കിംഗിൽ നടനുമായി കണ്ടു. 10,000 രൂപ അഡ്വാൻസ് വാങ്ങി മാതാവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 2016ൽ തൊടുപുഴയിൽ വച്ച് 30,000 രൂപ കൂടി വാങ്ങി.
2016 നവംബർ എട്ടിന് കൊച്ചി സിഫ്ട് ജംഗ്ഷനിലെ ലൊക്കേഷനിൽ ദിലീപിന്റെ കാരവനിൽ ഇരുവരും ഗൂഢാലോചന നടത്തി. നടി വിവാഹിതയാകാനും സിനിമാരംഗം വിടാനും തീരുമാനിച്ചിരിക്കേ, ക്വട്ടേഷൻ വൈകരുതെന്ന് നിർദ്ദേശിച്ചു. തൃശൂർ പുഴയ്‌ക്കലിലെ ടെന്നിസ് ക്ലബിലും തൊടുപുഴ ശാന്തിഗിരി കോളേജിലെ ലൊക്കേഷനിലും ഗൂഢാലോചന തുടർന്നു.
പൾസർ സുനി, 2017 ജനുവരിയിൽ ഹണി ബീ-2ന്റെ ഗോവയിലെ സെറ്റിൽ ക്വട്ടേഷൻ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫെബ്രുവരി രണ്ടാം വാരം നടി പ്രമോഷൻ സോംഗിനായി കൊച്ചിയിലെത്തുന്നതറിഞ്ഞ് ഗൂഢാലോചന സജീവമാക്കി.
ആക്രമണം
രാത്രി മാർട്ടിൻ ഓടിച്ച മഹീന്ദ്ര എസ്.യു.വിലാണ് നടി തൃശൂരിലെ വസതിയിൽ നിന്ന് യാത്ര തിരിച്ചത്. മാർട്ടിൻ അറിയിച്ചതിനെ തുടർന്ന് അങ്കമാലി മുതൽ പൾസർ ഓടിച്ച ടെമ്പോ ട്രാവലർ പിന്തുടർന്നു. മണികണ്ഠനും വിജീഷും ഇതിലുണ്ടായിരുന്നു. ആലുവ അത്താണിയിൽ വച്ച് നടിയുടെ വാഹനത്തിൽ ടെമ്പോ ഇടിപ്പിച്ച് വ്യാജ അപകടമുണ്ടാക്കി.
വാക്കുതർക്കം അഭിനയിച്ച് മാർട്ടിൻ പുറത്തിറങ്ങിയപ്പോൾ മണികണ്ഠനും വിജീഷും പിൻസീറ്റിൽ അതിക്രമിച്ചു കയറി നടിയുടെ കൈകൾ ബലമായി പിടിച്ച് വായ് പൊത്തി. വാഹനങ്ങൾ യാത്ര തുടർന്നു. കളമശേരിയിൽ എത്തിയപ്പോൾ പ്രദീപും ഇവർക്കൊപ്പം ചേർന്നു.
പ്രതികളിൽ ചിലർ ഇരു വാഹനങ്ങളിലും മാറിമാറി സഞ്ചരിച്ചു. ഡ്രൈവർ മാർട്ടിൻ നിസഹായത നടിച്ചു. പാലാരിവട്ടം-വെണ്ണല റൂട്ടിൽ വച്ച് മാർട്ടിനെ ഇറക്കി വിട്ട് പൾസർ സുനി വാഹനം ഓടിച്ചു. സലിമും മണികണ്ഠനും ഒപ്പമുണ്ടായിരുന്നു.
കാക്കനാട് ഭാഗത്ത് വച്ച് സലീമിനെ ഡ്രൈവിംഗ് ഏൽപ്പിച്ച് സുനി നടിയുടെ ഇടതു വശത്തിരുന്നു. സഹകരിച്ചില്ലെങ്കിൽ മയക്കുമരുന്ന് നൽകി ദൃശ്യം പകർത്തുമെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് വിവസ്ത്രയാക്കി ഉപദ്രവിച്ച് ദൃശ്യങ്ങൾ മൊബെലിൽ പകർത്തി. ക്വട്ടേഷൻ നൽകിയ ആൾ വിളിക്കുമെന്നും അറിയിച്ചു. എന്നാൽ രാമലീലയുടെ ഷൂട്ടിംഗ് നിറുത്തിവച്ച് ദിലീപ് അതിന് മുമ്പേ ആശുപത്രിയിൽ അഡ്മിറ്റായതും സംശയകരമായി.
വാഹനം മാർട്ടിൻ ഇറങ്ങിയതിന് സമീപമെത്തിച്ച് മറ്റുള്ളവർ കടന്നു. നടിയെ രാത്രി വൈകി സംവിധായകൻ ലാലിന്റെ വീട്ടിൽ ഇറക്കിയപ്പോഴാണ് വിവരം പുറം ലോകമറിഞ്ഞത്. നിരപരാധി ചമഞ്ഞ മാർട്ടിനെ അന്ന് തന്നെ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്‌ക്കകം സുനിയും പിടിയിലായി. ഇതിന് മുമ്പേ ദൃശ്യങ്ങൾ കൈമാറിയിരുന്നു. ദിലീപുമായി കൂടിക്കാഴ്ചയ്‌ക്കും ശ്രമിച്ചു.
കരാറനുസരിച്ച് പണം കിട്ടിയില്ലെന്നു പറഞ്ഞ് ദിലീപിനെ ഭീഷണിപ്പെടുത്താൻ സുനി പല ശ്രമങ്ങളും നടത്തി. സഹതടവുകാരുടെ കൈയിൽ കത്ത് കൊടുത്തു വിട്ടു. ദിലീപിന്റെ വിശ്വസ്‌തരെ ഫോണിൽ വിളിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ നാൾ വഴി
2017 ഫെബ്രുവരി 17: നടിയെ ആക്രമിച്ച് നഗ്ന വീഡിയോ പകർത്തി. ഡ്രൈവർ മാർട്ടിൻ കസ്റ്റഡിയിൽ. ഫെബ്രു.18: പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങളും കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഫെബ്രു.19: വടിവാൾ സലിം, പ്രദീപ് കോയമ്പത്തൂരിൽ പിടിയിൽ. നടിക്ക് ഐക്യദാർഢ്യവമായി കൊച്ചിയിൽ സിനിമാപ്രവർത്തകരുടെ കൂട്ടായ്മ. നടൻ ദിലീപിന്റെ സാന്നിദ്ധ്യത്തിൽ മഞ്ജു വാര്യർ ഗൂഢാലോചന ആരോപിക്കുന്നു. ഫെബ്രു. 20: പ്രതി മണികണ്ഠൻ പാലക്കാട്ട് പിടിയിൽ. ഫെബ്രു. 23: എറണാകുളം സി.ജെ.എം കോടതിയിലെത്തിയ പൾസർ സുനിയേയും വിജീഷിനേയും പൊലീസ് കീഴ്പ്പെടുത്തുന്നു. ഏപ്രിൽ 18: പൾസർ സുനിയെ ഒന്നാം പ്രതിയാക്കി അങ്കമാലി കോടതിയിൽ കുറ്റപത്രം. ഏപ്രിൽ 20: വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപിന്റെ പരാതി. ജൂൺ 25: ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പ്രതിചേർത്തു. ജൂൺ 28: ദിലീപ്, നാദിർഷ എന്നിവരെ ചോദ്യം ചെയ്തു. ജൂലായ് രണ്ട്: ദിലീപ് സിനിമയുടെ ലൊക്കേഷനിൽ പൾസർ സുനി എത്തിയെന്ന് കണ്ടെത്തി. ജൂലായ് 10: ദിലീപ് അറസ്റ്റിൽ. തുടർന്ന് ആലുവ സബ് ജയിലിൽ റിമാൻഡിൽ. ജൂലായ് 20: തെളിവു നശിപ്പിച്ചതിനു സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്റ്റിൽ. ആഗസ്റ്റ് രണ്ട്: പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്റ്റിൽ. സെപ്തംബർ രണ്ട്: അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിന് അനുമതി. ഒക്ടോബർ മൂന്ന്: കർശന ഉപാധികളോടെ ദിലീപിന് ജാമ്യം. നവംബർ 21: വിദേശത്തു പോകാൻ ദിലീപിനു ഹൈക്കോടതിയുടെ അനുമതി. നവംബർ 22: ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം. 2018 മാർച്ച് 8: വിചാരണ നടപടികൾ എറണാകുളം സെഷൻസ് കോടതിയിൽ ആരംഭിച്ചു. 2020 ജനുവരി 30: സാക്ഷിവിസ്താരം തുടങ്ങി. (ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം, വിചാരണയ്ക്ക് ഇടവേള). 2022 നവംബർ: വിചാരണ പുനഃരാരംഭിച്ചു. 2025 നവംബർ 25: വിധി പറയുന്ന തീയതി പ്രഖ്യാപിച്ചു. 2025 ഡിസംബർ 8: വിധി പ്രസ്താവം.