ഫെഡറൽ റിസർവ് തീരുമാനം കാത്ത് വിപണി

Monday 08 December 2025 12:31 AM IST

അമേരിക്കയിലും പലിശ കാൽ ശതമാനം കുറച്ചേക്കും

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാകും നടപ്പുവാരം രാജ്യത്തെ ഓഹരി വിപണിയുടെ ചലനങ്ങൾ നിർണയിക്കുക. കഴിഞ്ഞ വാരം കാര്യമായ മാറ്റമില്ലാതെയാണ് പ്രധാന സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. നവംബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പ കണക്കുകൾ ഡിസംബർ 12ന് പുറത്തുവരും. ഒക്ടോബറിൽ നാണയപ്പെരുപ്പം പത്ത് വർഷത്തിനിടെയിലെ താഴ്ന്ന തലമായ 0.25 ശതമാനമായിരുന്നു. ഇത്തവണ നാണയപ്പെരുപ്പം രണ്ട് ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ചാഞ്ചാട്ടവും നിക്ഷേപകർ കരുതലോടെ വീക്ഷിക്കുന്നു. റിസർവ് ബാങ്കിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ രൂപയുടെ മൂല്യം 91ലേക്ക് താഴ്ന്നേക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 63 ഡോളറിലേക്ക് ഉയർന്നതും ഓഹരികൾക്ക് വെല്ലുവിളിയാണ്.

മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കുതിപ്പ്

കഴിഞ്ഞ വാരം രാജ്യത്തെ അഞ്ച് മുൻനിര കമ്പനികളുടെ വിപണി മൂല്യം 72,285 കോടി രൂപ ഉയർന്നു. ഭാരതി എയർടെൽ, ടി.സി.എസ്, ഇൻഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാൻസ് എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, എൽ ആൻഡ് ടി, എൽ.ഐ.സി എന്നിവയുടെ വിപണി മൂല്യം ഇടിഞ്ഞു. ടി.സി.എസിന്റെ വിപണി മൂല്യത്തിലാണ് ഏറ്റവും വലിയ മുന്നേറ്റമുണ്ടായത്.

കമ്പനി: കഴിഞ്ഞ വാരത്തിലെ നേട്ടം: നിലവിലെ വിപണി മൂല്യം

ടി.സി.എസ്: 35,909.52 കോടി രൂപ: 11.72 ലക്ഷം കോടി രൂപ

ഇൻഫോസിസ്: 23,404.55 കോടി രൂപ: 6.71 ലക്ഷം കോടി രൂപ

ബജാജ് ഫിനാൻസ്: 6,720.28 കോടി രൂപ: 6.52 ലക്ഷം കോടി രൂപ

ഭാരതി എയർടെൽ: 3,791.9 കോടി രൂപ: 12.01 ലക്ഷം കോടി രൂപ

ഐ.സി.ഐ.സി.ഐ ബാങ്ക്: 2,458.49 കോടി രൂപ: 9.95 ലക്ഷം കോടി രൂപ