റെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്

Monday 08 December 2025 12:32 AM IST

സ്വർണത്തിന്റെ മൂല്യം 9.52 ലക്ഷം കോടി രൂപ കവിഞ്ഞു

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ മൂല്യം റെക്കാഡ് ഉയരത്തിലെത്തി. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വാരം സ്വർണ ശേഖരത്തിന്റെ മൂല്യം 14,517 കോടി രൂപ(161.3 കോടി ഡോളർ) ഉയർന്ന് 9.52 ലക്ഷം കോടി രൂപയിൽ(10,579.5 കോടി ഡോളർ) എത്തി. നിലവിൽ റിസർവ് ബാങ്കിന്റെ കൈവശം ഏകദേശം 883 ടൺ സ്വർണമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് 54.1 ടൺ സ്വർണം വാങ്ങിയിരുന്നു. നടപ്പു വർഷം ആദ്യ ആറ് മാസത്തിൽ സ്വർണം വാങ്ങുന്നതിൽ വലിയ താത്പര്യം കാണിക്കാതിരുന്ന റിസർവ് ബാങ്ക് ഒക്ടോബറിൽ വില കുത്തനെ താഴ്ന്നതോടെ വീണ്ടും ശേഖരം ഉയർത്തിയെന്നാണ് വിലയിരുത്തുന്നത്.

ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ബാഹ്യ വിപണിയിലുണ്ടാകുന്ന പ്രതിസന്ധികൾ നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ഡോളറിന് ബദലായി ആഗോള നാണയമെന്ന നിലയിൽ സ്വർണത്തിന് പ്രാധാന്യമേറുകയാണെന്നും വിദഗ്ദ്ധർ പറയുന്നു.

വിദേശ നാണയ ശേഖരത്തിൽ ഇടിവ്

രൂപയുടെ മൂല്യത്തകർച്ച നേരിടാൻ വിപണിയിൽ ഡോളർ വിറ്റഴിച്ചതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുറയുന്നു. നവംബർ 28ന് അവസാനിച്ച വാരത്തിൽ റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരം 187.7 കോടി ഡോളർ കുറഞ്ഞ് 68,622.7 കോടി ഡോളറിലെത്തി. മുൻവാരവും വിദേശ നാണയ ശേഖരം കുറഞ്ഞിരുന്നു. യു.എസ് ഡോളർ, യൂറോ, യെൻ തുടങ്ങിയവയുടെ അളവാണ് ഗണ്യമായി കുറഞ്ഞത്.

വിവിധ രാജ്യങ്ങളുടെ സ്വർണ ശേഖരം

രാജ്യം: അളവ്

അമേരിക്ക : 8,133 ടൺ

ജർമ്മനി : 3,350 ടൺ

ഇറ്റലി : 2,452 ടൺ

ഫ്രാൻസ് : 2,437 ടൺ

റഷ്യ : 2,330 ടൺ

ചൈന : 2,304 ടൺ

ഇന്ത്യ : 883 ടൺ

വിദേശ നാണയ ശേഖരത്തിലെ കരുത്തർ

രാജ്യം : വിദേശ നാണയ ശേഖരം

ചൈന : 3,68,200 കോടി ഡോളർ

ജപ്പാൻ : 1,27,800 കോടി ഡോളർ

സ്വിറ്റ്സർലൻഡ്: 92,700 കോടി ഡോളർ

ഇന്ത്യ : 68,623 കോടി ഡോളർ

റഷ്യ : 61,600 കോടി ഡോളർ