കൈയെത്തും ദൂരത്തിൽ അമേരിക്കൻ വ്യാപാര കരാർ
കൊച്ചി: ഇന്ത്യയും അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ജനുവരിയിൽ ഒപ്പുവച്ചേക്കും. ദീർഘകാലമായി വിവിധ കാരണങ്ങളാൽ വൈകുന്ന കരാർ യാഥാർത്ഥ്യമാക്കുന്നതിന് ചർച്ചകൾ വേഗത്തിലാക്കാൻ ഇന്ത്യയുടെയും അമേരിക്കയുടെയും വാണിജ്യ മന്ത്രാലയം പ്രതിനിധികൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയുടെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി അലിസൺ ഹൂക്കർ മൂന്ന് ദിവസ ചർച്ചകൾക്കായി ഇന്നലെ ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലും ബംഗളൂരുവിലുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി അടക്കമുള്ള ഉദ്യോഗസ്ഥരുമായി അലിസൺ ഹൂക്കർ ചർച്ച നടത്തും. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിനൊപ്പം നിർമ്മിത ബുദ്ധി, ബഹിരാകാശ മേഖലകളിൽ സഹകരിക്കാനും ചർച്ചയിൽ പ്രാധാന്യം നൽകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ ഇന്ത്യ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് വ്യാപാര ചർച്ചകൾ വേഗത്തിലാക്കുന്നതിന് അമേരിക്ക ശ്രദ്ധ പതിപ്പിക്കുന്നത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുന്നതോടെ പ്രതിസന്ധിയിലായ കയറ്റുമതിക്കാർക്ക് ആശ്വാസം പകരാൻ വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്ര സർക്കാരും ഏറെ പ്രാധാന്യം നൽകുന്നു.