ഐ.എഫ്.എഫ്‌.കെ അബ്‌ദർറഹ്മാൻ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

Monday 08 December 2025 12:39 AM IST

തിരുവനന്തപുരം: 30-ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത ആഫ്രിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദർറഹ്മാൻ സിസ്സാക്കോയ്ക്ക്. പത്തുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

ആഫ്രിക്കൻ ചലച്ചിത്ര ലോകത്തെ പ്രത്യേകിച്ചും പശ്ചിമാഫ്രിക്കൻ സിനിമയുടെ ശബ്ദങ്ങളിലൊന്നാണ് സിസ്സാക്കോ. 2015ൽ അദ്ദേഹത്തിന്റെ 'ടിംബുക്തു" കാൻ ചലച്ചിത്രമേളയിൽ പാംദോറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഫ്രാൻസിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ സീസർ അവാർഡിൽ മികച്ച ചിത്രം ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. 2007ൽ നടന്ന 60ാമത് കാൻ ചലച്ചിത്രമേളയിൽ കാൻ ഫിലിം ഫെസ്റ്റിവൽ ട്രോഫി,2012ലെ കാൻ മേളയിൽ പ്രത്യേക പുരസ്‌കാരം എന്നിവ സിസ്സാക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുടിയേറ്റം,ആധുനികതയുടെ പ്രതിസന്ധികൾ,പാശ്ചാത്യആഫ്രിക്കൻ സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലുകൾ,മതതീവ്രവാദത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ,ദാരിദ്ര്യം,പ്രതീക്ഷ എന്നിവയെല്ലാം സിസ്സാക്കോയുടെ സിനിമകളുടെ മുഖ്യപ്രമേയങ്ങളായി. വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മൗറിത്താനിയയിലെ കിഫയിൽ 1961ൽ ജനിച്ച അബ്ദർറഹ്മാൻ സിസ്സാക്കോ കുട്ടിക്കാലത്ത് മാലിയിലേക്ക് കുടിയേറി. തുടർന്ന് സിനിമാ പഠനത്തിനായി റഷ്യയിലേക്കും മോസ്‌കോവിലെ ഗെരാസിമോവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സിനിമാറ്റോഗ്രാഫിയിൽ നിന്ന് ബിരുദവും നേടി. 1990ൽ സംവിധാനം ചെയ്ത ദ ഗെയിം എന്ന ഹ്രസ്വചിത്രമാണ് ആദ്യ ചിത്രം. ചലച്ചിത്രോത്സവത്തിൽ അബ്ദർറഹ്മാൻ സിസ്സാക്കോയുടെ ലൈഫ് ഓൺ എർത്ത് (1997),വെയിറ്റിംഗ് ഫോർ ഹാപ്പിനെസ് (2002),ബമാക്കോ (2006),ടിംബുക്തു (2014),ബ്ലാക്ക് ടീ (2024) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.