കുന്നംകുളം കീഴൂർ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം കവർന്നു
Monday 08 December 2025 12:39 AM IST
കുന്നംകുളം: തൃശൂർ കുന്നംകുളം കീഴൂർ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന വെങ്കലത്തിൽ തീർത്ത ദേവീ വിഗ്രഹം കവർന്നു. അർദ്ധരാത്രിയിലായിരുന്നു മോഷണം. ഇന്നലെ പുലർച്ചെ അഞ്ചോടെ അമ്പലത്തിലെ മാനേജർ ചന്ദ്രൻ ഓഫീസ് തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ്. മേഖലയിലെ സി.സി ടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് മോഷ്ടാവിനായി കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂരം കഴിഞ്ഞതിനാൽ അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്നു. അതിനാൽ കാര്യമായി പണം നഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്ന് അമ്പല കമ്മിറ്റി പ്രസിഡന്റ് ബിനീഷ് നേടിയേടത്ത് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.