ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ആവേശക്കലാശം കഴിഞ്ഞു, ഇന്ന് നിശബ്ദം, അടിയൊഴുക്കുകൾ ശക്തം

Monday 08 December 2025 12:40 AM IST

പത്തനംതിട്ട : ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇന്നലെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് മുന്നണികൾ കൊട്ടിക്കലാശം ആവേശമാക്കി മാറ്റി. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നുള്ള സ്ഥാനാർത്ഥികളും പ്രവർത്തകരും ഗാന്ധിസ്‌ക്വയർ കേന്ദ്രീകരിച്ചാണ് ശക്തിതെളിയിച്ചത്. ചെറുതും വലുതുമായ വാഹനങ്ങളിൽ കൊടിതോരണങ്ങളും ഫ്‌ളെക്സുകളും ബലൂണുകളും പാർട്ടി ചിഹ്നങ്ങളുമായി വിവിധ പാർട്ടികൾ എത്തിയതോടെ നഗരം ഉത്സവാന്തരീക്ഷത്തിലായി. ഗ്രാമപഞ്ചായത്തുകളിൽ പ്രധാന കവലകളും വാർഡുകളും കൊട്ടിക്കലാശത്തിന് വേദിയായി.

ശബരിമല സ്വർണക്കൊള്ളയും രാഹുൽ മാങ്കുട്ടത്തിന്റെ വിഷയവും വികസനവും കാട്ടുപന്നിശല്യവും നെരുവുനായ ശല്യവും കർഷകരുടെ പ്രതിസന്ധിയും വികസന മുരിടിപ്പുമെല്ലാം പരസ്യ പ്രചാരണത്തിന് കൊഴുപ്പേകിയ വിഷയങ്ങളായി. സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും പ്രവർത്തകരും അണിനിരന്നതോടെ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോമുയർന്നു.

പത്തനംതിട്ടയിൽ എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയും നഗരം കൈയ്യടക്കിയപ്പോൾ എൻ.ഡി.എയുടെ ഒരു സ്ഥാനാർത്ഥി പോലും കലാശപ്പോരാട്ടത്തിന് നഗര ഹൃദയത്തിൽ എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. കൊട്ടിക്കലാശത്തിന് നഗരത്തിൽ ആദ്യമെത്തിയത് എൽ.ഡി.എഫ് സ്ഥാനാർത്ഥി മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രനാണ്. തുടർന്ന് ഒരോരോ സ്ഥാനാർത്ഥികളായി ഗാന്ധി സ്ക്വയറിലേക്ക് എത്തി. വാഹനങ്ങളുടെ മുകളിൽ കയറിനിന്ന് കൈവീശികാട്ടിയും നൃത്തംവച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും കലാശപ്രചാരണം സ്ഥാനാർത്ഥികൾ കൊഴുപ്പിച്ചു. 4.45ന് തുടങ്ങിയ കൊട്ടിക്കലാശം കൃത്യം 6ന് അവസാനിപ്പിച്ചു.

അവസാനവട്ടം ഇന്ന്

നിശബ്ദപ്രചാരണ ദിനമായ ഇന്ന് അവസാനഘട്ട വോട്ടുറപ്പിക്കലിന്റെ ഭാഗമായി സമ്മതിദായകരെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥി നിർണയത്തിലെ പാകപ്പിഴവും വിമത ശല്യവുമെല്ലാം മൂന്നു മുന്നണികളേയും ജില്ലയിൽ ഒരു പോലെ ബാധിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തിൽ ഓരോ വോട്ടും നിർണയകമായതിനാൽ വോട്ടർമാർ ആവശ്യപ്പെടുന്നതെല്ലാം നൽകാമെന്ന വാഗ്ദാനം നൽകിയാണ് പലരും വോട്ടുപിടുത്തം നടത്തുന്നത്. സാമുദായിക സമവാക്യങ്ങളും പ്രാദേശിക വിഷയങ്ങളുമെല്ലാം അവസാന വട്ടവും സജീവ ചർച്ചാ വിഷയമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.

എൽ.ഡി.എഫിന്റെ ആയുധം

രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ വിഷയത്തിൽപ്പെട്ട് ഒളിവിൽ കഴിയുന്ന സാഹചര്യവും കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണവുമാണ് എൽ.ഡി.എഫ് പ്രധാന പ്രചരണായുധമാക്കുന്നത്.

യു.ഡി.എഫിന്റെ വാദം

ശബരിമല സ്വർണക്കൊള്ളയും വിലക്കയറ്റവും കിഫ്ബിയിൽ നടക്കുന്ന ഇ.ഡി അന്വേഷണവുമെല്ലാം യു.ഡി.എഫ് തിരഞ്ഞെടുപ്പ് ആയുധമാക്കുന്നു.

എൻ.ഡി.എയുടെ പക്ഷം

കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും സംസ്ഥാന സർക്കാരിന്റെ വികലമായ വികസന നയങ്ങളും ഇടതുവലത് മുന്നണികൾ കൈകോർക്കുന്ന ഇന്ത്യാമുന്നണി സഖ്യവുമെല്ലാം ചൂണ്ടികാട്ടിയാണ് എൻ.ഡി.എയുടെയും വോട്ടുപിടുത്തം.