പ്രതിദിന വില്പന നാല് ലക്ഷം ടിൻ കടന്നു, അരവണ ശേഖരം കുറഞ്ഞു

Monday 08 December 2025 12:47 AM IST

ശബരിമല : അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രസാദമായ അരവണയുടെ വില്പന പ്രതിദിനം നാല് ലക്ഷത്തിൽ കൂടുതലായി ഉയർന്നതോടെ കരുതൽ ശേഖരം കുറഞ്ഞു. തീർത്ഥാടനത്തിന് ശബരിമല നട‌ തുറക്കുമ്പോൾ 46 ലക്ഷം ടിൻ അരവണ കരുതൽ ശേഖരത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ 27 ലക്ഷം മാത്രമാണുള്ളത്. സാധാരണ നിലയിൽ അരവണയ്ക്ക് ക്ഷാമം ഉണ്ടാകാൻ സാദ്ധ്യതയില്ലെങ്കിലും തിരക്കിന് അനുസരിച്ച് വില്പന വർദ്ധിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കും. തീർത്ഥാടനത്തിന്റെ ആദ്യ ആഴ്ചയിൽ ഒന്നര മുതൽ രണ്ട് ലക്ഷം വരെയാണ് ദിവസേന വിറ്റുപോയത്. ഇതിന് ശേഷം ഇത് മൂന്ന് ലക്ഷത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് നാല് ലക്ഷം കടന്നത്.

സുരക്ഷിതമായ കരുതൽ ശേഖരം ഉറപ്പാക്കണമെങ്കിൽ പ്രതിദിന ഉല്പാദനം മൂന്ന് ലക്ഷമെങ്കിലും ആക്കണം. ഇപ്പോഴിത് രണ്ടര ലക്ഷമേയുള്ളു. വേണ്ടത്ര ശീതീകരണ സംവിധാനം ഇല്ലാത്തതാണ് കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിലുള്ള പ്രധാന തടസം. മൂന്ന് കൂളിംഗ് ചേമ്പറുകൾ കൂടി സ്ഥാപിച്ചാൽ മാത്രമെ കൂടുതൽ അരവണ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയു. സന്നിധാനം ആഴിക്ക് സമീപമുളള പത്ത് കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അരവണയും അപ്പവും വില്പന നടത്തുന്നത്. ഭക്തർക്ക് പോസ്റ്റൽ വഴിയായി അരവണ വാങ്ങാനുള്ള അവസരവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. നടതുറന്ന് 20 ദിവസത്തിനുള്ളിൽ വില്പന നടത്തിയത് 55 ലക്ഷം ടിന്നിൽ കൂടുതൽ അരവണയാണ്. ഇതിലൂടെ ബോർഡിന് അരക്കോടിയിലേറെ രൂപയുടെ വരുമാനം ലഭിച്ചു. അപ്പത്തിന്റെ വില്പനയിലും കാര്യമായ വർദ്ധനവുണ്ടെങ്കിലും കരുതൽ ശേഖരം ആവശ്യത്തിനുണ്ട്.

ഒരു ടിൻ അരവണയുടെ വില : 100 രൂപ,

പത്ത് ടിൻ അടങ്ങിയ കണ്ടെയ്നറിന് :1010 രൂപ.

അപ്പം ഒരു പായ്ക്കറ്റിന് : 45 രൂപ

ക്ഷാമം ഉണ്ടാകില്ല : ദേവസ്വം ബോർഡ്

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അരവണയുടെ വില്പനയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കരുതൽ ശേഖരത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നുണ്ടെങ്കിലും ക്ഷാമത്തിനും നിയന്ത്രണത്തിനും സാദ്ധ്യതയില്ല. പ്രതിദിന ഉല്പാദനം സാധാരണ നിലയിൽ നടക്കുന്നുണ്ട്. തിരക്ക് കുറയുന്ന ദിവസങ്ങളിൽ കരുതൽ ശേഖരം വർദ്ധിപ്പിക്കാൻ കഴിയുന്നുണ്ട്.