പി.എഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കൾക്കും തുല്യ അവകാശം

Monday 08 December 2025 12:00 AM IST

ന്യൂഡൽഹി: മരിച്ച സർക്കാർ ജീവനക്കാരന്റെ ജനറൽ പ്രൊവിഡന്റ് ഫണ്ടിൻമേൽ(ജി.പി.എഫ്) ഭാര്യയ്‌ക്കും മാതാപിതാക്കൾക്കും തുല്യ അവകാശമെന്ന് സുപ്രീംകോടതി. മാതാപിതാക്കളെ നോമിനിയാക്കിയത് വിവാഹത്തോടെ അസാധുവാകുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.വിവാഹിതനായാൽ, മാതാപിതാക്കൾക്ക് വേണ്ടിയുള്ള നോമിനേഷൻ നിലനിൽക്കില്ല. തുക മരിച്ച ജീവനക്കാരന്റെ ഭാര്യയ്ക്കും മാതാപിതാക്കൾക്കും തുല്യമായി വിതരണം ചെയ്യണം.

പ്രതിരോധ അക്കൗണ്ട്സ് വകുപ്പ് ജീവനക്കാരനായ ഭർത്താവ് 2021ൽ മരിച്ചപ്പോൾ ജി.പി.എഫ് ഒഴികെ എല്ലാ സേവന ആനുകൂല്യങ്ങളും ഹർജിക്കാരിയായ ഭാര്യയ്‌ക്ക് ലഭിച്ചിരുന്നു. വിവാഹത്തിന് മുൻപ് അമ്മയെ നോമിനിയാക്കിയതിനാൽ ജി.പി.എഫ് ഫണ്ട് നിഷേധിക്കപ്പെട്ടു. ഇതിനെതിരെ ഭാര്യ നൽകിയ കേസിൽ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി ലഭിച്ചു. വിവാഹം കഴിച്ചതോടെ അമ്മയെ നോമിനിയാക്കിയത് അസാധുവായെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. തുടർന്ന് ഫണ്ട് ഇരുവർക്കും വീതിക്കാനും നിർദ്ദേശിച്ചു. എന്നാൽ കേസിലെ അപ്പീൽ പരിഗണിച്ച ബോംബെ ഹൈക്കോടതി, ജീവനക്കാരൻ ഔദ്യോഗികമായി റദ്ദാക്കുന്നതു വരെ അമ്മയെ നോമിനിയാക്കിയതിന് സാധുതയുണ്ടെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി.