നോക്കുകുത്തിയായി പി.എസ്.സി ലിസ്റ്റ് ഗവ. പ്രസുകളിൽ ബൈ ട്രാൻസ്ഫർ നിയമനമേറെ
തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ എൻട്രി കേഡർ തസ്‌തികയിൽ ബൈ ട്രാൻസ്ഫർ നിയമനം 10 ശതമാനം മതിയെന്ന നിയമം നിലനിൽക്കേ അച്ചടിവകുപ്പിലെ ഗവൺമെന്റ് പ്രസുകളിൽ പി.എസ്.സിയ്‌ക്ക് വിട്ട തസ്‌തികയിൽ നൂറുശതമാനം നിയമനം നടക്കുന്നതായി ആക്ഷേപം. വകുപ്പിലെ ഡി.ടി.പി ഓപ്പറേറ്റർ ഗ്രേഡ് 2,മെക്കാനിക് ഗ്രേഡ് 2,ഇലക്ട്രീഷ്യൻ ഗ്രേഡ് 2 എന്നീ തസ്തികയിൽ സ്‌പെഷ്യൽ റൂളിൽ മാറ്റം വരുത്തി വകുപ്പ് നേരിട്ട് ബൈ ട്രാൻസ്ഫർ നിയമനം നൽകുന്നുവെന്നാണ് പരാതി. ഇതിനാൽ ഇത്തരം പ്രൊമോഷനുകളിൽ സംവരണം നടക്കുന്നില്ല. ഡി.ടി.പി ഓപ്പറേറ്റർ ഗ്രേഡ് 2 തസ്‌തികയിൽ പൊതുവിഭാഗത്തിനായി പി.എസ്.സി ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇതിൽ ഒരൊഴിവ് റാങ്ക് ലിസ്റ്റിൽ നിന്നും മുൻപ് നികത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഒഴിവുകളുണ്ടായിട്ടും പി.എസ്.സിയിലേക്ക് റിപ്പോർട്ട് ചെയ്‌തില്ല. ലിസ്റ്റ് കാലാവധി അവസാനിച്ച് റദ്ദായതിന് ശേഷം എല്ലാ ഒഴിവുകളിലേക്കും ബൈൻഡർ തസ്‌തികയിൽ നിന്നും ബൈട്രാൻസ്ഫർ നിയമനം നടത്തുകയായിരുന്നു. എന്നാൽ ഇതോടൊപ്പമുള്ള ഓഫ്സെറ്റ് ഓപ്പറേറ്റർ നൂറു ശതമാനവും പി.എസ്.സി ലിസ്റ്റിൽ നിന്നാണ് ഇപ്പോഴും നിയമനം നടത്തുന്നത്. ബൈൻഡർ ഗ്രേഡ് 2 തസ്‌തികയിലെ ഒഴിവുകളിൽ പകുതിയോളം വകുപ്പ് ജീവനക്കാരിൽ നിന്നും നിയമനം നടത്തുന്നതിനാൽ പി.എസ്.സി വഴിയുള്ള നിയമനത്തിന് സാദ്ധ്യതയും ഇല്ലാതാക്കുകയാണ്.