ജയിലുകൾ ഭിന്നശേഷി സൗഹൃദമാക്കണം: സുപ്രീംകോടതി

Monday 08 December 2025 12:16 AM IST

ന്യൂഡൽഹി: ജയിലുകളിൽ വീൽചെയർ സൗഹൃദ റാമ്പ് അടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തി ഭിന്നശേഷി തടവുകാരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം. നാലു മാസത്തിനുള്ളിൽ ഇതിനാവശ്യമായ ചട്ടക്കൂട് തയ്യാറാക്കാനും കോടതി ആവശ്യപ്പെട്ടു.

ഭിന്നശേഷി തടവുകാർക്ക് ജയിലുകളിൽ മതിയായ സൗകര്യങ്ങളും നിയമവ്യവസ്ഥയും ഉറപ്പാക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.രാജ്യത്തെ ജയിലുകൾ ഭിന്നശേഷി സൗഹൃദമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2016 ലെ ഭിന്നശേഷി അവകാശ നിയമം പാലിക്കപ്പെടുന്നില്ല.

മറ്റ് നിർദ്ദേശങ്ങൾ:

എല്ലാ ജയിലുകളിലും അടിസ്ഥാന സൗകര്യങ്ങൾ, സമർപ്പിത തെറാപ്പി മുറികൾ, പരിശീലനം ലഭിച്ച മെഡിക്കൽ ജീവനക്കാർ, ഉചിതമായ ഭക്ഷണക്രമങ്ങൾ, പതിവ് ഫിസിയോതെറാപ്പി എന്നിവ ഉറപ്പാക്കണം.

 ഭിന്നശേഷി തടവുകാർക്കായി പരാതി സംവിധാനം.

 ശാരീരിക കുറവുകൾ കാരണം വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കരുത്.  ജയിലുകൾക്കുള്ളിൽ വീൽചെയർ അടക്കം സഹായങ്ങൾ നൽകുന്നതിനും പരിപാലിക്കുന്നതിനുമുള്ള വിശദമായ പദ്ധതി തയ്യാറാക്കണം.

 വൈകാരിക പിന്തുണ ഉറപ്പാക്കാനും ആവശ്യങ്ങൾ നിറവേറ്റാനും സന്ദർശകരെ അനുവദിക്കണം.