വികസനം ബി.ജെ.പിയുടെ ഉള്ളിൽ അലിഞ്ഞു ചേർന്നത്: രാജീവ്‌ ചന്ദ്രശേഖർ

Monday 08 December 2025 12:27 AM IST
രാജീവ്‌ ചന്ദ്രശേഖർ

കോഴിക്കോട്: വികസനമെന്നത് ബി.ജെ.പിയുടെ ഡി.എൻ.എയുടെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല സംഘടിപ്പിച്ച പൗരപ്രമുഖരുടെ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ നികുതിപണം സ്വന്തമാക്കുന്ന ഇരുമുന്നണികളുടെയും രാഷ്ട്രീയ ശൈലിയിൽ നിന്ന് വ്യത്യസ്തമാണ് ബി.ജെ. പിയുടെ വികസനം. എൽ.ഡി.എഫ് ഭരണത്തിൽ ജനങ്ങൾ പൊറുതി മുട്ടി. മാലിന്യ പ്രശ്നം മുതൽ ഗതാഗത മേഖലയിൽ വരെ പ്രശ്നങ്ങൾ രൂക്ഷമാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഏതാണ്ട് 18,000 കോടി രൂപ കോർപറേഷൻ ചെലവാക്കിയിട്ടുണ്ട്. എന്നാൽ അതിന്റെ വികസന പ്രവർത്തനങ്ങൾ ഒന്നും കാണുന്നില്ല. ജനങ്ങളുടെ പ്രശനങ്ങൾ എല്ലാം അതുപോലെയുണ്ട്. എല്ലാം ശരിയാകുമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പത്ത് വർഷത്തിനിടയിൽ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണം. സി.പി.എം അക്രമത്തിന്റെ പാർട്ടി മാത്രമല്ല അഴിമതിയുടെയും പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.പി. പ്രകാശ് ബാബു അദ്ധ്യക്ഷനായി. ജില്ലാജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ്, സംസ്ഥാന സമിതി അംഗം പി. രഘുനാഥ്, ജില്ലാ നേതാക്കളായ അനുരാധ തായാട്ട്. പി. രമണിഭായ്, ചാന്ദ്നി ഹരിദാസ്, എൻഡിഎ ജില്ലാ കൺവീനർ ശശിധരൻ പയ്യാനക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻഡിഎ കോർപ്പറേഷൻ വികസനരേഖയുടെ പ്രകാശനം രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു.