തദ്ദേശ വികസനം: കോഴിക്കോട്ടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിന്റെ പൊതുവായ നേട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് പ്രസ് ക്ളബിന്റെ 'മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ ഉൾപ്പെടെ വലിയ നേട്ടമുണ്ടാക്കി. ലെെഫ് പദ്ധതിയിൽ 4,000 പേർക്ക് വീട് നൽകി. അതിദരിദ്രർക്ക് വീട് നൽകാൻ നെല്ലിക്കോട്ട് 84 സെന്റ് സ്ഥലം ഏറ്റെടുത്തു. അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടായി. കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴംകൂട്ടാൻ തുടങ്ങിയതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ഒരളവുവരെ പരിഹാരമുണ്ടായി. കല്ലൂത്താൻകടവിൽ 100 കോടി ചെലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ആധുനിക പഴം പച്ചക്കറി മാർക്കറ്റ് തുടങ്ങി. സമന്വയ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കും സഹായമെത്തിക്കാനും കോഴിക്കോട് കോർപ്പറേഷന് കഴിഞ്ഞു. യുനെസ്കോ സാഹിത്യ നഗരമെന്ന അംഗീകാരവും ലഭിച്ചു. മാലിന്യമില്ലാത്ത തെരുവുകളെന്നതും യാഥാർത്ഥ്യമാക്കി. ഞെളിയൻപറമ്പിൽ ആധുനിക ബയോ ഗ്യാസ് പ്ളാന്റ് നിർമ്മാണം വരുംതലമുറയോടുള്ള കരുതൽ കൂടിയാണ്. ഓരോ മേഖലയിലും ക്ഷേമവും പുരോഗതിയുമുണ്ടാക്കി. അതിദാരിദ്ര്യ നിർമ്മാർജ്ജനമാണ് ഏറ്റവും വലിയ നേട്ടമെന്നും പറഞ്ഞു. 2021ലെ 600 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 580ഉം നടപ്പാക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണം
ശബരിമല സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ഇതുവരെ ആക്ഷേപമൊന്നും ഉയർന്നിട്ടില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടവരും ഇപ്പോൾ ഒന്നും പറയുന്നില്ല. മറ്റു ചില ഉദ്ദേശ്യത്തോടെ ഇ.ഡിയെ പോലുള്ള ഏജൻസികളുടെ ഇടപടൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അന്വേഷണം കൃത്യമായി നടക്കുമ്പോൾ മറ്റൊരു ഏജൻസി സാധാരണ രീതിയിൽ ഇടപെടേണ്ടതില്ല. കുറ്റമറ്റരീതിയിൽ അന്വേഷണം പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.