തുടർഭരണം കോഴിക്കോടിനെ ശക്തിപ്പെടുത്തും: പിണറായി
കോഴിക്കോട്: എൽ.ഡി.എഫിന്റെ തുടർഭരണം കോഴിക്കോട് നഗരത്തെയും ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കോർപ്പറേഷൻ വലിയ രൂപത്തിലുള്ള വിജയകരമായ പ്രവർത്തനമാണ് നടത്തിയത്. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങൾ എല്ലാം അംഗീകരിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയർത്താൻ ഇടത് പക്ഷത്തിന് സാധിച്ചു. കേരള മോഡൽ വലിയ ചർച്ചയായി മാറി. 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ അഭിമാനിക്കാവുന്ന തരത്തിലുള്ള ഒരു വികസനപ്രവർത്തനങ്ങളും ഉണ്ടായിരുന്നില്ല. സർവ മേഖലയിലും മുരടിപ്പ് മാത്രമായിരുന്നു. ആ സാഹചര്യത്തിലാണ് എൽ.ഡി.എഫിനെ ജനങ്ങൾ അധികാരത്തിലേറ്റിയത്. മാറ്രം കൊണ്ടുവരാൻ ജനം ആഗ്രഹിച്ചു. ഇവിടെ ഒന്നും നടക്കില്ലന്ന ജനങ്ങളുടെ ചിന്ത മാറി. നിരാശയ്ക്ക് പകരം പ്രത്യാശ കെെവന്നു. ജനങ്ങളുടെ മനസറിഞ്ഞ് വികസനപ്രവർത്തനങ്ങൾ നടത്തുമ്പോഴും ഒന്നും രഹസ്യമാക്കി വെച്ചില്ല. ഓരോ ഘട്ടത്തിലും എന്താണ് നാട്ടിൽ നടക്കുന്നതെന്ന് വ്യക്തമായി പോഗ്രസ് റിപ്പോർട്ടായി അവതരിപ്പിച്ചു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ നാഷണൽ ഹെെവേ പോലുള്ള പല പദ്ധതികളും നടത്തി കാണിച്ചു. ഒന്നരലക്ഷം കോടിയുടെ പാശ്ചാത്തല വികസനമാണ് കേരളത്തിൽ നടപ്പിലാക്കിയത്. കോവളം–ബേക്കൽ ജലപാതയുടെ കോവളം ചേറ്റൂർ വരെയുള്ള ഭാഗം അടുത്ത ആഴ്ചക്കുള്ളിൽ പൂർത്തിയാകും. കേരളത്തെ അതിദാരിദ്രമുക്തമാക്കിയത് ലോകത്ത് തന്നെ മാതൃകയാണ്.
ദാര്യദ്ര്യം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയിലാണ് ഈ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാകുന്നത്. എൽ.ഡി.എഫ് സർക്കാരാണ് ആദ്യം പെൻഷൻ 1600ഉം പിന്നീട് 2000 രൂപയും ആക്കിയത്.വിഴിഞ്ഞം തുറമുഖം, വൈദ്യുത പ്രസരണ രംഗത്തെ കുതിച്ചുചാട്ടം, കാർഷിക വ്യവസായിക അഭിവൃദ്ധി, മലയോര ഹെെവേ, തുരങ്കപാത എന്നിവയെല്ലാം ഉണ്ടായത് ഇടതുപക്ഷത്തിന് സംസ്ഥാനത്ത് തുടർഭരണം കിട്ടിയതിനാലാണ്. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി ഏറെക്കുറേ ഉപേക്ഷിച്ച മട്ടായിരുന്നു. എൽ.ഡി.എഫ് അധികാരത്തിൽ വന്നുകൊണ്ട് മാത്രമല്ലേ ആ പദ്ധതി പൂർത്തിയാക്കിയത്. ഇപ്പോൾ ആ പൈപ്പിലൂടെ ഗ്യാസ് ലഭ്യമാക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളം രണ്ടാം വർഷവും തുടരുകയാണ്. കേരളത്തിന് സാമ്പത്തികമായി ആവശ്യങ്ങൾ വന്ന പല ഘട്ടത്തിലും കേന്ദ്രം സഹായിച്ചില്ല. വയനാട് -ചൂരൽ മല ദുരന്തമുണ്ടായപ്പോഴും അങ്ങനെ തന്നെ. പക്ഷേ ആര് എന്ത് തന്നാലും ഇല്ലെങ്കിലും നാം മുന്നോട്ട് തന്നെ കുതിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് പ്രകടന പത്രിക ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ പ്രകാശനം ചെയ്തു.
സി.പി.എം ജില്ലാ സെക്രട്ടറി എം മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, മേയർ ബീന ഫിലിപ്പ്, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ് തുടങ്ങിയവർ പങ്കെടുത്തു.
ആവേശം പകർന്ന് മുഖ്യമന്ത്രിയെത്തി
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ ആവേശം പകർന്ന് മുഖ്യമന്ത്രിയെത്തി. വൈകിട്ട് ബീച്ചിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽ.ഡി.എഫ് പൊതുയോഗവും റാലിയിലും ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാനും അദ്ദേഹത്തെ കേൾക്കാനുമായി ഉച്ചയ്ക്ക് മുൻപേ തന്നെ ആളുകൾ ബീച്ചിലേക്കെത്തി ഇരിപ്പിടങ്ങളിൽ സ്ഥാനമുറപ്പിച്ചു. നാല് മണിയായി ഉദ്ഘാടന സമയം നീണ്ടെങ്കിലും ആളുകളെ പിടിച്ചിരുത്താൻ ഗാനസന്ധ്യ സ്റ്റേജിലൊരുക്കിയിരുന്നു. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, മന്ത്രി എ.കെ ശശീന്ദ്രൻ, എം.എൽ.എമാരായ അഹമ്മദ് ദേവർ കോവിൽ, കെ.എം സച്ചിൻ ദേവ് എം.എൽ.എ, മേയർ ബീന ഫിലിപ്പ്, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം തുടങ്ങിയ നേതാക്കളെല്ലം നേരത്തെ തന്നേ വേദിയിലെത്തിയിരുന്നു. വെെകിയെത്തിയ ആളുകൾക്ക് ഇരിപ്പിടം കിട്ടിയില്ലെങ്കിലും സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചു. അഞ്ച് മണിയോടെ മുഖ്യമന്ത്രിയെത്തി. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിന് ശേഷം ആറു മണിയോടെയാണ് അദ്ദേഹം വേദി വിട്ടത്.
നഗരത്തെ മൊഞ്ചക്കാൻ പ്രകടന പത്രികയുമായി എൽ.ഡി. എഫ്
കോഴിക്കോട് : കാർബൻ ന്യൂട്രൽ സിറ്റി, സൗരോർജ നഗരം, സിറ്റിപാർക്കിംഗ് പ്ലാസ, ആധുനിക അറവുശാലകൾ, ഹരിതമേലാപ്പ്. സൊറ പറ ബെഞ്ചുകൾ....നഗരത്തെ ആധുനികവത്കരിക്കാൻ നൂതന പദ്ധതികളുമായി എൽ. ഡി.എഫ് കോർപറേഷൻ പ്രകടന പത്രിക പുറത്തിറക്കി. സ്മാർട്ട്സിറ്റി - കോഴിക്കോടിനെ ഐ.ടി ഹബ്ബാക്കി മാറ്റാൻ വിപുലമായ പദ്ധതികൾ. നഗരത്തിന്റെ ലൈറ്റ് മെട്രോ പദ്ധതി, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്തുടർവികസന പദ്ധതികൾ ത്വരിതപ്പെടുത്തും, മാനാഞ്ചിറ-മീഞ്ചന്ത റോഡ് വികസനം, എരഞ്ഞിപ്പാലം ഫ്ളൈഓവർ നിർമ്മാണം, മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കൽ, കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള മുഴുവൻ റോഡുകളും ഡിസൈൻഡ് റോഡുകളാക്കൽ, കാൽനട യാത്രക്കാർക്കായി കൂടുതൽ എസ്കലേറ്ററുകൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ഓട്ടോ ടാക്സി സ്റ്റാൻ്റുകളും മികച്ച രീതിയിലുളള ലോറി സ്റ്റാൻഡും, കേരളത്തിൽ ആദ്യത്തെ തരിശുരഹിത കോർപ്പറേഷൻ ആക്കാനുള്ള ഹ്രസ്വകാല-ദീർഘകാല നടപടികൾ, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗപ്പെടുത്തി 'സ്മാർട്ട് കോർപ്പറേഷൻ'-ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടാൻ പദ്ധതി, ഉറങ്ങാ തെരുവ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന അടക്കാത്ത ലൈബ്രറി തുടങ്ങിയവയാണ് എൽ.ഡി.എഫ് പദ്ധതികൾ.