തിരഞ്ഞെടുപ്പ് തിരക്കിലും പൊതിച്ചോർ മറക്കാതെ രേഷ്മ
കൊല്ലം: വാട്ടിയ വാഴയിലയിൽ തുമ്പപ്പൂ ചോറ് വിളമ്പി തോരനും ചമ്മന്തിയും ഉപ്പിലിട്ടതുമടക്കം നാല് കൂട്ടം കറി ചേർത്ത് രാഷ്ട്രീയം കലർത്താതെ പൊതിഞ്ഞാണ് രേഷ്മ ബാബു (32) ജില്ലാ ആശുപത്രിയിലേക്കയച്ചത്. കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ ചന്ദനത്തോപ്പ് മൂന്നാം വാർഡിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായ രേഷ്മ, തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും പതിവ് പൊതിച്ചോർ മുടക്കിയില്ല.
ഡി.വൈ.എഫ്.ഐ നടത്തുന്ന 'ഹൃദയപൂർവം' പദ്ധതിയിലേക്ക് മിക്കവാറും പൊതിച്ചോർ നൽകാറുണ്ട് ചന്ദനത്തോപ്പ് മേക്കോൺ രാജേഷ് ഭവനത്തിൽ രേഷ്മ ബാബു. ജില്ലാ ആശുപത്രിയിൽ വിശന്നിരിക്കുന്നവർക്ക് നൽകാനുള്ള പൊതിച്ചോറുകൾ നൽകുന്നതിൽ വർഷങ്ങളായി മുടക്കം വരുത്തിയിട്ടുമില്ല. ചന്ദനത്തോപ്പ് വനിതാ ഐ.ടി.ഐയിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തനം തുടങ്ങി, ഡി.വൈ.എഫ്.ഐ മേഖല വൈസ് പ്രസിഡന്റും മഹിള അസോസിയേഷൻ മേഖല ട്രഷററും സി.പി.എം സാരഥി ബ്രാഞ്ച് സെക്രട്ടറിയുമാണ് രേഷ്മ. കൊറ്റങ്കര ക്ഷീരസംഘം സെക്രട്ടറിയാണിപ്പോൾ. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരിക്കവേയാണ് ഡി.വൈ.എഫ്.ഐക്കു വേണ്ടി പൊതിച്ചോർ സമാഹരിച്ചത്. ഒപ്പം വീട്ടിൽ ഊണൊരുക്കി പത്ത് പൊതിച്ചോർ സ്വന്തമായി നൽകി. നൂറിൽപ്പരം പൊതിച്ചോറുകൾ സമാഹരിക്കാനും തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ രേഷ്മ ബാബുവിനും ഭർത്താവ് സജിത് ശിങ്കാരപ്പള്ളിക്കും കഴിഞ്ഞു.