'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, അവൾക്കൊപ്പം'; പ്രതികരണവുമായി  ഡബ്ല്യുസിസി

Sunday 07 December 2025 11:43 PM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിധിവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതികരണവുമായി ഡബ്ല്യുസിസി. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പെന്നായിരുന്നു ഡബ്ല്യുസിസി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അവൾ തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും കേരളക്കരയെ ഒന്നാകെയുമാണെന്നും ഡബ്ല്യുസിസി പ്രതികരിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്. അവൾ തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മന:സാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദ‌ം ഉയർത്തുകയും ചെയ്‌തു. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്. ഞങ്ങൾ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകൾക്ക് ഒപ്പവും നിൽക്കുന്നു.

അവൾക്കൊപ്പം