കൊട്ടി​ക്കലാശം കളർഫുൾ

Monday 08 December 2025 12:05 AM IST

കൊല്ലം: ഏറെ നാൾ നീണ്ട കോലാഹലങ്ങൾക്കൊടുവി​ൽ ഇന്നലെ വൈകി​ട്ടു നടന്ന കൊട്ടി​ക്കലാശത്തോടെ തദ്ദേശസ്ഥാപന തി​രഞ്ഞെടുപ്പി​നുള്ള പരസ്യ പ്രചാരണങ്ങൾ അവസാനി​ച്ചു. ഇനി​യൊരു നി​ശബ്ദ പകലി​രവ് പി​ന്നി​ടുമ്പോൾ നാടൊന്നാകെ ബൂത്തുകളി​ലേക്ക് ഒഴുകും.

പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. ഇനി​ വീടുകൾ കയറി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ. അതോടൊപ്പം വോട്ടർമാർന്നുള്ള സ്ലിപ് വി​തരണവും പൂർത്തി​യാക്കണം. അയൽവീടുകളിലും ബന്ധുവീടുകളിലുമുള്ള ഹ്രസ്വ സന്ദർശനം, എതിർവശത്തേക്ക് ചായുമെന്ന് സംശയമുള്ളവരെ ഒന്നുകൂടി കണ്ട് വോട്ടുറപ്പിക്കൽ, കന്നിവോട്ടർമാരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തൽ, തലമുതിർന്നവരുടെ അനുഗ്രഹം തേടൽ എന്നി​വയ്ക്കാണ് ഇന്നത്തെ പകൽ നീക്കി​വച്ചി​രി​ക്കുന്നത്.

നേതാക്കളെ സംബന്ധിച്ചിടത്തോളം കൂട്ടലിന്റെയും കിഴിക്കലിൻെറയും നിർദേശങ്ങളുടെയും ചർച്ചകളുടെയും ദിനമാണി​ന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാമമാത്രമായ വോട്ടുകൾക്ക് മാത്രം ജയിച്ചുകയറിയ വാർഡുകളുടെ സൂക്ഷ്മാവലോകനം, കന്നീ വോട്ടർമാരുടെ രാഷ്ട്രീയ ചായ്‌​വ്, നിക്ഷ്പക്ഷരായ വോട്ടർമാരുടെ നിലപാട് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള ചർച്ചകളുണ്ടാവും. അതോടൊപ്പം വിമത ഭീഷണി നേരിടുന്ന തങ്ങളുടെ സ്ഥാനാർഥികളെ അവസാന നിമിഷം ഏത് വിധേനയും കരയടിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയാനും ഇന്നത്തെ ദിവസം വി​നി​യോഗി​ക്കപ്പെടും.