കുമ്മണ്ണൂരിൽ കാട്ടാനശല്യം

Tuesday 09 December 2025 12:04 AM IST

കോന്നി: കുമ്മണ്ണൂരിൽ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശം വരുത്തുന്നു. കഴിഞ്ഞദിവസം രാത്രിയിൽ എത്തിയ നാലോളം കാട്ടാനകൾ കുമ്മണ്ണൂർ, നെടിയകാല പുത്തൻവീട്ടിൽ സലീമിന്റെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. കുലച്ച വാഴകൾ, തെങ്ങുകൾ, കമുകുകകൾ എന്നിവ നശിപ്പിച്ചിട്ടുണ്ട്. വെളുപ്പിന് മൂന്നുമണിയോടുകൂടി ഇറങ്ങിയ കാട്ടാനകൾ സലീമിന്റെ വീടിന്റെ സമീപം വരെ എത്തിയാണ് കാർഷിക വിളകൾ നശിപ്പിച്ചത്. പ്രദേശവാസികൾ ശബ്ദമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പിന്തിരിഞ്ഞില്ല.കൂടുതൽ നാട്ടുകാരും കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും എത്തിയാണ് ഇവയെ തുരത്തിയത്.